കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസ് അന്വേഷിക്കാന്‍ മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നു. വ്യാഴാഴ്ചയാണ് മധ്യപ്രദേശ് പോലീസ് എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിയത്. പെണ്‍കുട്ടിക്കും ഭര്‍ത്താവ് ഫര്മാന് ഖാനുമായി പലേടത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
പെണ്‍കുട്ടിയും ഭര്‍ത്താവും കൊച്ചിയില്‍നിന്നു മറ്റൊരിടത്തേക്കു മാറിയതായും സൂചനയുണ്ട്. അതേസമയം, പെണ്‍കുട്ടി കഴിഞ്ഞ ദിവസം സംരക്ഷണം തേടി കൊച്ചി പോലീസിന് അപേക്ഷ നല്‍കിയിരുന്നു. തന്നെ മധ്യപ്രദേശിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.
തനിക്ക് 18 വയസ് ആയെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്‍ നില്‍ക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. വയസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 11ന് തിരുവനന്തപുരം പൂവാര്‍ ക്ഷേത്രത്തില്‍ വച്ചാണ് പെണ്‍കുട്ടിയും ഫര്‍മാനുമായുള്ള വിവാഹം നടന്നത്. വിവാഹത്തിനു പിന്നാലെയാണ് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതി ഉയര്‍ന്നത്.
16 വയസ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമായിരുന്നു പരാതി. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷനും കണ്ടെത്തി. അതേസമയം, ആധാർ കാർഡ് പ്രകാരം പെൺകുട്ടിക്കു 18 വയസ് പൂർത്തിയായി. പരാതി ഉയർന്നതോടെയാണ് മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫര്‍മാന്റെ സുഹൃത്തിനെയും മധ്യപ്രദേശ് പോലീസ് അന്വേഷിക്കുന്നുണ്ട്.



