ജീവനക്കാരുടെ വസ്ത്രധാരണ നിയമങ്ങളെച്ചൊല്ലി പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്കാർട്ട് (Lenskart) വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ചില മതചിഹ്നങ്ങൾ അനുവദിക്കുകയും മറ്റുള്ളവ നിരോധിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് പ്രചരിച്ച സ്ക്രീൻഷോട്ടാണ് വിവാദങ്ങൾക്ക് കാരണമായത്.
കമ്പനിയുടെ ‘സ്റ്റൈൽ ഗൈഡിൽ’ നിന്നുള്ളതാണെന്ന അവകാശവാദത്തോടെയാണ് ഈ സ്ക്രീൻഷോട്ട് പങ്കുവെക്കപ്പെട്ടത്. എഴുത്തുകാരിയായ ഷെഫാലി വൈദ്യ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. “ഇത് സത്യമാണെന്ന് ഞാൻ സ്ഥിരീകരിച്ചു. പീയുഷ് ബൻസാൽ ജീവനക്കാരോട് പറയുന്നത് ഹിജാബ് കുഴപ്പമില്ല എന്നാണ്, എന്നാൽ ഭാരതം പോലൊരു രാജ്യത്ത് ബിന്ദി/തിലകം, ചരട് എന്നിവ അനുവദനീയമല്ല. ലെൻസ്കാർട്ട് സ്റ്റൈൽ ഗൈഡിന്റെ പതിനൊന്നാം പേജാണിത്,” ഷെഫാലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ പോസ്റ്റ് വൈറലായതോടെ കമ്പനിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. “ഹിന്ദു ജീവനക്കാർക്ക് കുങ്കുമം/ബിന്ദി എന്നിവ നിഷേധിക്കുകയും ഹിജാബ് അനുവദിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ലെൻസ്കാർട്ട് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നും പലരും ഭീഷണി മുഴക്കി. വിദേശികൾ പോലും നമ്മുടെ പാരമ്പര്യത്തെ മാനിക്കുമ്പോൾ ഇന്ത്യൻ കമ്പനികൾ ഇങ്ങനെ പെരുമാറുന്നത് ലജ്ജാകരമാണെന്നും കമന്റുകൾ വന്നു.
പീയുഷ് ബൻസാലിന്റെ മറുപടി
പ്രതിഷേധം ശക്തമായതോടെ ലെൻസ്കാർട്ട് സ്ഥാപകൻ പീയുഷ് ബൻസാൽ വിശദീകരണവുമായി എത്തി. ഇപ്പോൾ പ്രചരിക്കുന്നത് കമ്പനിയുടെ പഴയ രേഖയാണെന്നും നിലവിലെ നിയമങ്ങൾ അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ലെൻസ്കാർട്ടിനെക്കുറിച്ച് തെറ്റായ ഒരു പോളിസി ഡോക്യുമെന്റ് പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ രേഖ ഞങ്ങളുടെ നിലവിലെ മാർഗനിർദേശങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് ഞാൻ വ്യക്തമാക്കുന്നു. ബിന്ദിയും തിലകവും ഉൾപ്പെടെയുള്ള ഒരു മതചിഹ്നങ്ങൾക്കും ഞങ്ങളുടെ കമ്പനിയിൽ നിരോധനമില്ല,” പീയുഷ് ബൻസാൽ എക്സിൽ കുറിച്ചു.
തെറ്റിദ്ധാരണകൾ ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഭാരതത്തിലുടനീളമുള്ള ഞങ്ങളുടെ ആയിരക്കണക്കിന് ജീവനക്കാർ അവരുടെ വിശ്വാസവും സംസ്കാരവും അഭിമാനത്തോടെയാണ് ധരിക്കുന്നത്. ഭാരതത്തിൽ ഇന്ത്യക്കാർക്ക് വേണ്ടി നിർമിക്കപ്പെട്ടതാണ് ലെൻസ്കാർട്ട്. നമ്മുടെ പാരമ്പര്യങ്ങളോടും ചിഹ്നങ്ങളോടും വിട്ടുവീഴ്ച ചെയ്യാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല,” അദ്ദേഹം ഉറപ്പുനൽകി.



