ചേർത്തലയിൽ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. മെഹർ മന്തി റസ്റ്റോറന്റ് ഉടമകളായ അർഷാദ്, ഷംനാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ശ്രീകൃഷ്ണന്റെ മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിവാദത്തിന് കാരണമായത്. മതവിഭ്രാന്തി ഉണ്ടാക്കാൻ ഉദ്ദേശിച്ച് മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം സൃഷ്ടിച്ചതിന്‍റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
ഈ കുറ്റത്തിന് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ചേർത്തലയിലെ മന്തി റസ്റ്റോറന്റിന് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.



