ഭോപ്പാൽ: മധ്യപ്രദേശിൽ വഴിയാത്രക്കാരെ വാഹനത്തിന് ഇടിച്ചിട്ട് ബിജെപി എംഎൽഎയുടെ മകൻ. ശിവപുരിയിലാണ് സംഭവം. പിച്ചോരെയിലെ ബിജെപി എംഎൽഎ പ്രിതം ലോഥിയുടെ മകൻ ദിനേഷ് ലോഥിയാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരെയും കാൽ നടയാത്രക്കാരായ രണ്ട് സ്ത്രീകളെയും ഇടിച്ചുതെറിപ്പിച്ചത്.
രാവിലെ 7.30ഓടെയാണ് സംഭവം. പരിക്കേറ്റവരുമായി അദ്ദേഹം തർക്കിച്ചു. ഹോൺ മുഴക്കിയപ്പോൾ വഴിയിൽ നിന്നും എന്തുകൊണ്ട് മാറിയില്ലെന്ന് ഇയാൾ ചോദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോ പകർത്തിയവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തലയ്ക്കും കൈകാലുകൾക്കും തോളിനും പരിക്കേറ്റ സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീത വർമ, പൂജ സോണി എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കരേര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം അതിന്റെ വഴിക്ക് പോകണമെന്ന് എംഎൽഎ പ്രീതം ലോധി പറഞ്ഞു. “ഒരു എംഎൽഎയെ സംബന്ധിച്ചിടത്തോളം, കുടുംബത്തിനല്ല, പൊതുജനത്തിനാണ് മുൻഗണന. ഇരകൾക്ക് നീതി ലഭിക്കണം’. അദ്ദേഹം പറഞ്ഞു.



