ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച ചടങ്ങിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷ പരാമർശം നടത്തി വിവാദത്തിലായ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർകുമാർ യാദവ് നടപടികളൊന്നും നേരിടാതെ ഔദ്യോഗിക പദവിയിൽനിന്ന് വിരമിച്ചു.
സിറ്റിംഗ് ജഡ്ജിയായിരിക്കെ 2024 ഡിസംബറിൽ നടത്തിയ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ജസ്റ്റീസ് യാദവിനെതിരേ ഇംപീച്ച്മെന്റ് പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടികളൊന്നും നേരിടേണ്ടിവന്നില്ല.
ഇന്ത്യ “ഹിന്ദുസ്ഥാൻ’ ആണെന്നും ഭൂരിപക്ഷ താത്പര്യങ്ങൾക്കാണ് മുൻഗണനയെന്നും പ്രസംഗിച്ച അദ്ദേഹം മുസ്ലിം വിഭാഗത്തിനെതിരേ അധിക്ഷേപ പരാമർശവും നടത്തിയിരുന്നു. തന്റെ വിരമിക്കൽ ചടങ്ങിൽ വിവാദ പ്രസംഗത്തെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും യാഥാർഥ്യങ്ങൾ വളച്ചൊടിച്ചവരാണ് വിവാദങ്ങൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു



