ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനായി കാമറൂണിലേക്ക് തിരിക്കും മുൻപ്, അൾജീരിയയിലെ കുരുന്നുകളോടുള്ള തന്റെ സ്നേഹവും വാത്സല്യവും പങ്കുവച്ച് ലെയോ പതിനാലാമൻ മാർപാപ്പ. അൾജിയേഴ്സിൽ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ‘നോട്രെ ഡാം ഡി’അഫ്രിക്ക്’ ചിൽഡ്രൻസ് സെന്റർ സന്ദർശിച്ചാണ് പാപ്പ തന്റെ മടക്കയാത്രയ്ക്ക് തുടക്കം കുറിച്ചത്. അങ്ങേയറ്റം ദാരിദ്ര്യം അനുഭവിക്കുന്ന മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ കേന്ദ്രത്തിൽ കഴിയുന്നവരിലധികവും.

അൾജീരിയയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പാപ്പ ഈ സന്ദർശനം നടത്തിയത്. ആഫ്രിക്കൻ മാതാവിന്റെ ബസിലിക്കയ്ക്കു സമീപം സ്ഥിതിചെയ്യുന്ന കേന്ദ്രത്തിൽ ലളിതവും എന്നാൽ ആവേശഭരിതവുമായ സ്വീകരണമാണ് പാപ്പയ്ക്ക് ലഭിച്ചത്. കുട്ടികൾ തങ്ങൾ പഠിച്ചെടുത്ത ചെറിയ കലാപ്രകടനങ്ങൾ മാർപാപ്പയ്ക്കായി അവതരിപ്പിച്ചു. ഏറെ താൽപര്യത്തോടെ പ്രകടനങ്ങൾ വീക്ഷിച്ച പരിശുദ്ധ പിതാവ് കുട്ടികളെയും അവിടെ സേവനമനുഷ്ഠിക്കുന്ന സന്യാസിനിമാരെയും അഭിവാദ്യം ചെയ്യുകയും അവരുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്തു.

കൽക്കട്ടയിലെ വി. മദർ തെരേസയുടെ പാത പിന്തുടർന്ന് മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഈ കേന്ദ്രം അൾജിയേഴ്സിലെ ദരിദ്രമായ സ്ഥലങ്ങളിൽ വലിയ വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് നൽകുന്ന നിശ്ശബ്ദവും നിരന്തരവുമായ സേവനത്തിന് പാപ്പ സന്യാസിനിമാർക്ക് നന്ദി അറിയിച്ചു. കേവലം വിദ്യാഭ്യാസം നൽകുക എന്നതിലുപരി, വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ബഹുമാനവും സഹവർത്തിത്വവും വളർത്തുന്നതിൽ ഈ കേന്ദ്രം വഹിക്കുന്ന പങ്കും പാപ്പ എടുത്തുപറഞ്ഞു. ഈ ഹ്രസ്വ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പാപ്പ കാമറൂണിലേക്ക് തിരിക്കുന്നതിനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.