പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ ടീം പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. നിലവിൽ അമേരിക്കയുമായി നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാന്റെ പങ്കാളിത്തത്തിൽ ആശങ്ക ഉയർന്നിരുന്നെങ്കിലും, ഇറാൻ തീർച്ചയായും കളിക്കുമെന്ന് ഇൻഫാന്റിനോ വ്യക്തമാക്കി.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഇറാന്റെ പ്രാഥമിക ഘട്ട മത്സരങ്ങളെല്ലാം അമേരിക്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രാ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ സർക്കാർ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഫിഫ നിരസിച്ചതായും നിശ്ചയിച്ച വേദികളിൽ തന്നെ മത്സരങ്ങൾ നടക്കുമെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം വെളിപ്പെടുത്തി. കാലിഫോർണിയയിലെ സോഫി സ്റ്റേഡിയം, സിയാറ്റിലിലെ ലുമെൻ ഫീൽഡ് എന്നിവിടങ്ങളിലാകും ഇറാന്റെ മത്സരങ്ങൾ.
കായികം രാഷ്ട്രീയത്തിന് അതീതമാണെന്നും ഇറാനിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് കളിക്കാൻ വലിയ താൽപ്പര്യമുണ്ടെന്നും ഇൻഫാന്റിനോ പറഞ്ഞു. ഇറാൻ ടീം നിലവിൽ തുർക്കിയിലെ അന്റാലിയയിൽ പരിശീലനത്തിലാണ്. അതേസമയം, ഇറാന്റെ പങ്കാളിത്തം നിലവിലെ സാഹചര്യത്തിൽ അത്ര ഉചിതമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടെങ്കിലും, ടീമിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം ഫിഫയെ അറിയിച്ചിട്ടുണ്ട്. ജൂൺ 16-ന് ന്യൂസിലൻഡിനെതിരെയാണ് ലോകകപ്പിൽ ഇറാന്റെ ആദ്യ മത്സരം.



