ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ആശ്വാസം. ചിലന്തിയാർ ചെക്ക് ഡാം നിർമാണ നടപടികൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതി നടപടി.
നിർമാണ നടപടികൾ തടഞ്ഞ ഹരിത ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി, എതിർകക്ഷികൾക്ക് അടക്കം നോട്ടീസും അയച്ചു. വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരേ കേരളം ഇക്കഴിഞ്ഞ മാർച്ച് 25 നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി എസ് ജയതിലകായിരുന്നു സംസ്ഥാനത്തിന് വേണ്ടി ട്രിബ്യൂണൽ ഇടപെടലിനെതിരെ ഹർജി നൽകിയത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നടക്കമാണ് കേരളം വാദിച്ചത്. വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് കേരളം ചെക്ക് ഡാം നിർമ്മിക്കുന്നതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.



