ബുധനാഴ്ച വൈകുന്നേരം ദക്ഷിണ ചെന്നൈയിലെ ടി നഗറിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നത് നിറഞ്ഞുകവിഞ്ഞ തിയേറ്ററിൽ ഒരു സൂപ്പർതാരത്തിന്റെ സിനിമ റിലീസ് ചെയ്യുന്ന സ്ഥലത്തേക്ക് എത്തുന്ന പ്രതീതിയായിരുന്നു. കുട്ടികൾ ടെറസിലിരുന്ന് വിസിൽ വിളിക്കുമ്പോൾ, തെരുവുകളിൽ ‘ദളപതി’ എന്ന ആർപ്പുവിളികളാണ് മുഴങ്ങിക്കേൾക്കുന്നത്. ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആഘോഷത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടി.വി.കെ മേധാവി വിജയുടെ ടി. നഗർ റാലിയിലെ അന്തരീക്ഷം. വിജയുടെ വിശ്വസ്തനായ ബുസി ആനന്ദ് മത്സരിക്കുന്ന മണ്ഡലത്തിലായിരുന്നു ഈ ആവേശകരമായ പ്രകടനം.

“ഉങ്ക വിജയ്, ഉങ്ക വിജയ്, തനിയാൾ ഇല്ലൈ, കടൽ നാൻ; ഉങ്ക വിജയ്, ഉങ്ക വിജയ്, എളിയവൻ കുറൽ നാൻ” (നിങ്ങളുടെ വിജയ് ഒറ്റയ്ക്കല്ല, അവൻ ഒരു സമുദ്രമാണ്. നിങ്ങളുടെ വിജയ് ഒറ്റയ്ക്കല്ല, അവൻ സാധാരണക്കാരന്റെ ശബ്ദമാണ്) എന്ന പാട്ട് സ്പീക്കറിലൂടെ മുഴങ്ങിയതോടെ സിനിമാറ്റിക് സ്റ്റൈലിൽ പ്രചാരണ വാഹനത്തിന് മുകളിൽ വിജയുടെ മാസ് എൻട്രി പ്രത്യക്ഷപ്പെട്ടു. ഒരു തനി സിനിമാ ഹീറോ സ്റ്റൈലിൽ അദ്ദേഹത്തെ സ്വീകരിക്കാൻ അലങ്കരിച്ച നാലു കുതിരകളെയും അവിടെ എത്തിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ചെന്നൈയിൽ നടന്നത് ഒരു കംപ്ലീറ്റ് ‘വിജയ് ഷോ’ ആയിരുന്നു.