ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ നാവികസേനയ്ക്ക് വൻ ആൾനാശമില്ലാത്ത ആകാശ ആസ്തികളിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചു. അത്യാധുനിക നിരീക്ഷണ ഡ്രോണായ എംക്യു-4സി ട്രൈറ്റൺ (MQ-4C Triton) പേർഷ്യൻ ഗൾഫിൽ തകർന്നു വീണതായി യുഎസ് നാവികസേന സ്ഥിരീകരിച്ചു. ഏകദേശം 240 ദശലക്ഷം ഡോളർ (ഏകദേശം 2000 കോടിയിലധികം രൂപ) വിലമതിക്കുന്ന ഈ ഡ്രോണിന് രണ്ട് ലോക്ഹീഡ് മാർട്ടിൻ എഫ്-35 യുദ്ധവിമാനങ്ങളേക്കാൾ വിലയുണ്ട്.

ഏപ്രിൽ 9-ന് ഹോർമുസ് കടലിടുക്കിന് സമീപം നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെ ‘കോഡ് 7700 അലേർട്ട്’ എന്ന അടിയന്തര സിഗ്നൽ നൽകിയ ശേഷം ഡ്രോണിനെ കാണാതാവുകയായിരുന്നു. ഡ്രോൺ തകർന്നുവീണതായും എന്നാൽ ജീവനക്കാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്നും യുഎസ് നേവി കമാൻഡ് ചൊവ്വാഴ്ച പുറത്തിറക്കിയ അപകട സംഗ്രഹത്തിൽ വ്യക്തമാക്കി. ഇത് ഒരു ‘ക്ലാസ് എ’ (Class A mishap) അപകടമായാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് തരംതിരിച്ചിരിക്കുന്നത്.