ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും വെള്ളിയാഴ്ചയും ചർച്ച നടക്കും. 2029ലെ തെരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ.
ബിൽ ഒറ്റക്കെട്ടായി എതിർക്കാൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ സഭ ഇന്ന് പ്രക്ഷുബ്ധമാകും. 2011ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ ലോക്സഭ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം.
പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാരിന്‍റെയും തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്സഭ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയിൽ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക.
എന്നാൽ, ജനസംഖ്യാനുപാതികമായി വർധനയ്ക്കു പുറമെ സീറ്റുകളിൽ 50 ശതമാനം വർധന കൂടി ഉറപ്പാക്കുന്ന ഫോർമുല പ്രയോഗിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.



