ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടം കാമറൂണിൽ ആരംഭിക്കുന്നു. അൾജീരിയയിലെ സന്ദർശനം പൂർത്തിയാക്കി അഞ്ച് മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് ശേഷമാണ് പാപ്പ കാമറൂണിലെത്തുക. ആകെ 11 ദിവസം നീണ്ടുനിൽക്കുന്ന ഈ അപ്പസ്തോലിക സന്ദർശനത്തിൽ ഏകദേശം 18,000 കിലോമീറ്റർ ദൂരമാണ് മാർപാപ്പ പിന്നിടുന്നത്. പര്യടനത്തിന്റെ അടുത്ത ഘട്ടങ്ങളിൽ അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളും പാപ്പസന്ദർശിക്കും.

കാമറൂണിലെത്തുന്ന മാർപാപ്പ രാജ്യത്തിന്റെ ഔദ്യോഗിക സ്വീകരണ പരിപാടികളിൽ പങ്കുചേരും. 1982 മുതൽ അധികാരത്തിലിരിക്കുന്ന കാമറൂണിയൻ പ്രസിഡന്റ് പോൾ ബിയയുമായും കൂടിക്കാഴ്ച നടത്തും . ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം സഭാപരമായ വിവിധ പരിപാടികളിലും പാപ്പ പങ്കാളിയാകും.

കാമറൂൺ സന്ദർശനത്തിനിടെ അതീവ പ്രാധാന്യമുള്ള ഒരു ജീവകാരുണ്യ കേന്ദ്രവും മാർപാപ്പ സന്ദർശിക്കുന്നുണ്ട്. സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ സന്യാസിനീ സമൂഹം നടത്തുന്ന എൻഗുൾ സാംബ അനാഥാലയമാണ് പാപ്പാ സന്ദർശിക്കുക. 18 മാസം മുതൽ 20 വയസ്സ് വരെ പ്രായമുള്ള കുട്ടികളും യുവാക്കളും താമസിക്കുന്ന ഈ കേന്ദ്രത്തിൽ, അവരുമായി സമയം ചെലവഴിക്കാനും പ്രത്യാശയുടെ സന്ദേശം നൽകാനും പാപ്പ പ്രത്യേകം ശ്രദ്ധിക്കുന്നു. ഏപ്രിൽ 23 വരെയാണ് മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനം നീണ്ടുനിൽക്കുന്നത്.