കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഇടപാടുകൾ റദ്ദാക്കിക്കൊണ്ട് ലാൻഡ് ബോർഡ് ഉത്തരവിറക്കി. പ്ലാന്റേഷൻ ഭൂമിയിൽ അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നും ഭൂ നിയമങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 1964ന് ശേഷമുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ലാൻഡ് ബോർഡ് റദ്ദാക്കി. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്.
പ്ലാന്റേഷൻ ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഭൂമിയിൽ യാതൊരുവിധ മുൻകൂർ അനുമതിയും കൂടാതെയാണ് ദന്തൽ കോളേജ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമിച്ചത്. ഇത് കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതോടെ കോളേജ് ഉടമ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുണ്ടായിരുന്ന നിയമപരമായ അവകാശം പൂർണമായും ഇല്ലാതായി. താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് വന്നതോടെ മിച്ചഭൂമിയായി കണക്കാക്കി ഇത് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.



