ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനുള്ള നീക്കത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകില്ലെന്നും ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാകാത്ത രീതിയിൽ മണ്ഡല പുനർനിർണയം നടത്തുമെന്നും കേന്ദ്രം അറിയിച്ചു.
സീറ്റുകൾ വർധിപ്പിക്കാനുള്ള നീക്കം വൻ വിവാദമായതോടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഓരോ സംസ്ഥാനത്തും എത്ര സീറ്റുകൾ കൂടും എന്നത് ചർച്ചകൾക്ക് ശേഷം മണ്ഡല പുനർനിർണ്ണയ കമ്മീഷൻ തീരുമാനിക്കും. എല്ലാ സംസ്ഥാനങ്ങളിലും പകുതി സീറ്റുകൾ വർധിപ്പിക്കും എന്ന മുൻ നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോക്കം പോയി.
ജനസംഖ്യാ ആനുപാതികമായി സീറ്റുകൾ നിശ്ചയിക്കുമ്പോൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ മുൻഗണന ലഭിക്കുമെന്ന ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം. വനിതകൾക്കായി മൂന്നിലൊന്ന് സീറ്റുകൾ മാറിമാറി നിശ്ചയിക്കാനുള്ള വ്യവസ്ഥയും പുതിയ ഭരണഘടനാ ഭേദഗതി ബില്ലിലുണ്ട്. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനായിരിക്കും നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുക.
കേന്ദ്ര നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണ്ഡല പുനർനിർണയ നിർദേശം നടപ്പിലാക്കിയാൽ ജനങ്ങൾ തെരുവിലിറങ്ങുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് കത്തയച്ചു. ദില്ലിയിൽ നമ്മുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.



