ഇംഫാൽ: മണിപ്പുരിൽ ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. ബിഷ്ണുപുർ ജില്ലയിലായിരുന്നു സംഘർഷം.
തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിൻഗുംഗേയി മേഖലയിലായിരുന്നു സംഘർഷമുണ്ടായത്. ഈയിടെ പ്രദേശത്തിനു സമീപം രണ്ടു കുട്ടികൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സായുധസംഘം പ്രദേശത്ത് എത്തിയെന്ന അഭ്യൂഹത്തെത്തുടർന്ന് സംഘർഷം വ്യാപകമായി. കണ്ണീർവാതകം ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ സുരക്ഷാസേന തുരത്തിയത്.
പത്തിലേറെ പേർക്കു നേരിയ പരിക്കേറ്റു. ഒരു നാലുചക്ര വാഹനം പ്രതിഷേധക്കാർ കത്തിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തെന്നു പോലീസ് അറിയിച്ചു. സുരക്ഷാസേന പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.



