നിതിഷിന്‍റെ പിൻഗാമിയായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബിജെപി അറിയിച്ചു. ബിജെപിയുടെ സംസ്ഥാനത്തെ ശക്തമായ മുഖമായ ചൗധരി, താരാപൂരിൽ നിന്നുള്ള എംഎൽഎയാണ്. ഒ ബി സി മുഖം എന്ന നിലയിൽ ബിജെപി വളർത്തിയെടുത്ത സമ്രാട്ട് ചൗധരി ബിജെപി സംസ്ഥാന അധ്യക്ഷനായടക്കം പ്രവർത്തിച്ചിട്ടുണ്ട്.

1999 ആർ ജെ ഡി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. 2014 ൽ ആർ ജെ ഡിയിൽ നടന്ന പിളർപ്പിന് പിന്നിലെ സൂത്രധാരനായിരുന്നു. 2018 ആർ ജെ ഡി വിട്ട് ബിജെപിയിലെത്തി. 2021 മുതൽ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്നു. ബീഹാർ ആഭ്യന്തരമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരി, ഉപ മുഖ്യമന്ത്രി പദത്തിൽ നിന്നാണ് സംസ്ഥാനത്തെ നയിക്കാനെത്തുന്നത്. അതേസമയം, നാളെ ബിജെപി മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാർ ജെ ഡി യുവിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവരാകും ഉപമുഖ്യമന്ത്രിമാരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.