തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ വലിയ പ്രതിഷേധം ഉയരുമ്പോൾ പഠിക്കുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് ഡോ. സൗമ്യ സരിൻ. ഇത് കേട്ടപ്പോൾ ഞെട്ടലല്ല ഉണ്ടായതെന്ന് സൗമ്യ പറഞ്ഞു. പുരോഗമിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചത്. ഞെട്ടലിനേക്കാൾ നാണക്കേടാണ് തോന്നിയത്. കേരളം ഒരു സ്വര്‍ഗം ഒന്നുമായിട്ടില്ല. മനസിൽ മതവും ജാതിയും കൊണ്ട് നടക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. പഠിക്കുന്ന കുട്ടിയോട് പോലും അത് കാണിക്കുന്നവരുണ്ട് എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്നു. കറുത്തയാൾ, മെലിഞ്ഞയാൾ, തടിച്ചയാൾ എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബോഡി ഷെയ്മിംഗ് ചെയ്യാൻ ഇവര്‍ക്ക് നാണക്കേട് തോന്നുന്നില്ലേ എന്ന് സൗമ്യ സരിൻ ചോദിക്കുന്നു.
തന്‍റെ പഠന കാലത്ത് നേരിട്ട ദുരനുഭവങ്ങളും സൗമ്യ തുറന്ന് പറഞ്ഞു. എംബിബിഎസ് പഠിക്കുന്ന സമയത്ത് പല ഡിപ്പാര്‍ട്ട്മെന്‍റുകളിൽ നിന്നും ബോഡി ഷെയ്മിംഗ് കമന്‍റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും. ഇവരെ നമുക്ക് പിണക്കാൻ പറ്റില്ല. അവര് നമ്മളെ പരീക്ഷയ്ക്ക് പൊട്ടിച്ച് കളയും. പലപ്പോഴും സർജറിയിലൊക്കെ അസിസ്റ്റ് ചെയ്യുമ്പോൾ നമ്മളെപ്പറ്റി ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ നടത്തും. ഡബിൾ മീനിംഗ് ഉള്ള തമാശകൾ പറയും. ഇതൊക്കെ മനസിലാകുമെങ്കിലും പ്രതികരിക്കാൻ പറ്റില്ല. 25 വര്‍ഷങ്ങൾക്ക് മുമ്പാണ് ഇതെല്ലാം അനുഭവിച്ചത്. പേരെടുത്ത് പറയാത്തത് അവര്‍ക്ക് കുടുംബവും കുട്ടിയും ഒക്കെ ഉള്ളത് കൊണ്ടാണ്. അന്ന് പരാതിപ്പെട്ടപ്പോൾ പ്രതികാര നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡോ. സൗമ്യ സരിൻ പറഞ്ഞു. ഇന്നും കുട്ടികൾ ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ എന്നത് നിരാശപ്പെടുന്നുവെന്നും സൗമ്യ കൂട്ടിച്ചേർത്തു.
ഇവിടുത്തെ പരീക്ഷ സംവിധാനങ്ങൾ ആണ് പ്രധാനമായും ഇതിനുള്ള കാരണം. വ്യക്തികളിൽ കേന്ദ്രീകൃതമാണ് അതെല്ലാം. ഇന്‍റേണൽ മാർക്ക് തരില്ല എന്ന് പറഞ്ഞ്, പരീക്ഷക്ക് എക്സ്റ്റേണൽ ആയി വരുന്ന ഡോക്ടറോട് പറഞ്ഞ് തോൽപ്പിക്കും എന്ന് പറഞ്ഞ്, തീസിസ് സൈൻ ചെയ്യില്ല എന്ന് പറഞ്ഞ്, പലരും പല കുട്ടികളെയും കാലാകാലങ്ങളായി പീഡിപ്പിച്ചു വരുന്നുണ്ട്. ഇനി മിണ്ടാതിരിക്കരുതെന്നും ഇവരെ തുറന്ന് കാട്ടുക തന്നെ വേണമെന്നും ഡോ. സൗമ്യ സരിൻ പറഞ്ഞു



