ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിക്കു നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍നിന്ന് എസ്എച്ച്ഒയെ നീക്കി. എസ്എച്ച്ഒയ്ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
എന്നാല്‍, പോലീസിനു വീഴ്ചയില്ലെന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സിനിലിനെതിരെ ചുമത്തിയത് സ്റ്റേഷന് ജാമ്യം നല്കാവുന്ന വകുപ്പുകളെന്ന് എസ്പി അറിയിച്ചു. നോട്ടീസ് നല്കി വിട്ടയച്ചതു വകുപ്പുകളുടെ അടിസ്ഥാനത്തിലെന്നും പറയുന്നു.
അതേസമയം, ഗുരുതര പരാതിയുണ്ടായിട്ടും സിനിലിനെ വിട്ടയച്ചതു വിവാദമായിരുന്നു. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും ഏഴു വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷ ആയതിനാല്‍ പ്രതിക്കു നോട്ടിസ് നല്കി വിട്ടയക്കുകയായിരുന്നുവെന്നുമാണ് വിശദീകരണം.
സ്റ്റേഷന് ജാമ്യം നല്കി പോലീസ് വിട്ടയച്ച പ്രതി സിനില്‍ സവാദ് ഒളിവിലാണ്. സിനിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയെന്ന് അറിയില്ലെന്ന് പോലീസ് പറയുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സിനിലിനെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെൻഡ് ചെയ്തു. സമിതിയുടെ കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്നു സിനിൽ.



