കണ്ണൂർ (ചക്കരക്കൽ): അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ജീവനൊടുക്കിയ വിദ്യാർഥി നിതിൻ രാജ് അനുഭവിച്ചത് വലിയ മാനസിക പീഡനവും അവഹേളനവും.
മരിച്ച നിതിൻ രാജ് സുഹൃത്തുക്കൾക്ക് അയച്ച വോയ്സ് മെസേജിലാണ് കോളജിലെ പ്രശ്നങ്ങൾ പറയുന്നത്. കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്കാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കിയത്.
സംഭവത്തിൽ വകുപ്പ് മേധാവിക്കെതിരേ കുടുംബം രംഗത്തെത്തുകയും ചക്കരക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പോലീസ് അറിയിച്ചു.
മരണത്തിൽ ദുരൂഹതയുള്ളതായി കുടുംബം പരാതിപ്പെട്ടിരുന്നു. തന്നോട് അത്രയേറെ അവഹേളനപരമായി പെരുമാറിയ അധ്യാപകനെതിരേ നിതിൻ ശക്തമായി പ്രതികരിക്കുന്നുണ്ട്. സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ സ്റ്റാഫ് റൂമിലുണ്ടായ സംഭവങ്ങൾ വിദ്യാർഥി എടുത്തുപറയുന്നുണ്ട്.
തന്നെയും മാതാവിന്റെ ഓപ്പറേഷനെയും അധ്യാപകൻ പരിഹസിച്ചുവെന്നും ബോധപൂർവം മാർക്ക് കുറച്ചത് മാതാപിതാക്കൾക്കുള്ള സർപ്രൈസ് ഗിഫ്റ്റ് ആണെന്ന്
അധ്യാപകൻ റാം പറയുകയുണ്ടായെന്നും നിതിൻ രാജിന്റെ സന്ദേശത്തിലുണ്ട്. സ്റ്റാഫ് മുറിയിൽ വച്ച് എല്ലാവരും കൂട്ടത്തോടെ ആക്രമിക്കുകയും “”നീ ഗേറ്റിന് പുറത്തിറങ്ങിയാൽ കാലും കൈയും വെട്ടുമെന്നും നീ കൈ ഇല്ലാതെ ജീവിക്കേണ്ടി വരും” എന്നു പറഞ്ഞതായും നിതിൻ രാജിന്റെ ശബ്ദസന്ദേശത്തിലുണ്ട്. ഡോ. സംഗീത നമ്പ്യാരുടെ പേരും ശബ്ദ സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ വകുപ്പ് മേധാവിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മറ്റു വിദ്യാർഥികളും രംഗത്ത് എത്തിയിട്ടുണ്ട്. ക്ലാസിൽവച്ച് നിതിനെതിരേ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുമെന്നും പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്റേണൽ മാർക്ക് കുറച്ച് പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു.
നേരത്തേ വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എം. കെ. റാം സസ്പെൻഷൻ നേരിട്ടിരുന്നു. ഡോക്ടറാകുക എന്നതായിരുന്നു നിതിന്റെ സ്വപ്നമെന്നു കൂട്ടുകാർ പറയുന്നു. അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചിരുന്നെന്നും നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും അവർ പറഞ്ഞു.
ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രഫസര്‍ ഡോ. സംഗീത എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കോളജിന്റെ ഭാഗമായി ആഭ്യന്തര അന്വേഷണത്തിനായി സമിതി രൂപവത്കരിച്ചിരുന്നു. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന് ആരോപിച്ചിരുന്നു.



