കട്നി: മതിയായ രേഖകളില്ലാതെ ബിഹാറിൽനിന്ന് മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്കാണ് കുട്ടികളെ കൊണ്ടുപോയത്. പാറ്റ്ന-പൂന എക്സ്പ്രസിലാണ് കുട്ടികളെ കടത്താൻ ശ്രമിച്ചത്.
ട്രെയിൻ കട്നി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പോലീസിന് തോന്നിയ സംശയത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെയാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന് വ്യക്തമായത്. തുടർന്ന് കുട്ടികളെ കട്നി റെയിൽവേ സ്റ്റേഷനിൽ ഇറക്കി. കുട്ടികൾക്കൊപ്പമുള്ള മുതിർന്നവരെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
സുരക്ഷാനടപടികളുടെ ഭാഗമായി കുട്ടികളെ ആർപിഎഫ് സ്റ്റേഷനിലേക്ക് മാറ്റി. വനിതാ-ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികളുടെ കൗൺസിലിംഗ് പുരോഗമിച്ചുവരികയാണ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികളുടെ കുടുംബങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.



