പരവൂര്‍: കേരളത്തില്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്ത് സ്ഥലം ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ ബോധിപ്പിച്ചു. ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഫോറന്‍സിക് ലാബുകളില്‍ സയന്റിഫിക് ഓഫീസര്‍മാരുടെ കുറവ് മൂലം എന്‍ഡിപിഎസ് (ലഹരിമരുന്ന് കേസ്) വിചാരണകള്‍ വ്യാപകമായി കെട്ടിക്കിടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക അറിയിപ്പ്. കേന്ദ്രത്തിന്റെ ഈ നിലപാട് രേഖപ്പെടുത്തിയ കോടതി ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ 19 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. ബയോളജി വിഭാഗത്തില്‍ അഞ്ചും കെമിസ്ട്രിയില്‍ മൂന്നും ഡോക്യുമെന്റ് വിഭാഗത്തില്‍ 11-ഉം തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ ഒഴിവുകള്‍ എത്രയും വേഗം നികത്താന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്സി) കോടതി നിര്‍ദേശം നല്കി. ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് പിഎസ്സി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂണ്‍ രണ്ടാം വാരം കോടതി വീണ്ടും പരിഗണിക്കും.



