മൂന്നാറിലെ മില്‍ക്ക് ചില്ലിംഗ് പ്ലാന്റിനോട് അനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നടപടി ശരിവച്ചു ഹൈക്കോടതി. ഇതിനെ ചോദ്യം ചെയ്ത് മില്‍മ എറണാകുളം യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
മുന്നാര്‍ ടൗണിലുള്ള രണ്ടേക്കര്‍ ഭൂമി ആദ്യം കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന് കൈമാറിയതും പിന്നീട് മില്‍ക്ക് ചില്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി മില്‍മ എറണാകുളം യൂണിയന് നല്‍കിയതുമാണ്. ഈ ഭൂമിയില്‍ നിന്ന് 1.30 ഏക്കര്‍ ഭാഗം ബോര്‍ഡിന് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭൂമിയില്‍ തങ്ങള്‍ക്ക് കൈവശാവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മില്‍മ യൂണിയന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഭൂമി മില്‍മയുടെ ആവശ്യങ്ങള്‍ക്കായി മാത്രമാണ് നല്‍കിയതെന്നും, ഇപ്പോള്‍ ലൈവ്‌സ്റ്റോക്ക് ബോര്‍ഡിന്റെ ആവശ്യങ്ങള്‍ക്കായാണ് തിരിച്ചെടുക്കുന്നതെന്നും സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കൂടാതെ, ചില്ലിംഗ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനായി പമ്പ് ഹൗസ് ഉള്‍പ്പെടെയുള്ള ഭൂമിയും തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.



