നവകേരള സര്‍വേയ്ക്ക് ചെലവായത് 13.04കോടി രൂപയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പൊതുജനങ്ങളില്‍ നിന്ന് പണം ചെലവഴിച്ച് സിപിഐഎം ക്യാമ്പയിന്‍ നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസും മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച് ഹൈക്കോടതി സര്‍വേ റദ്ദാക്കിയെങ്കിലും സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു.

 അനുവദിച്ച ഇരുപത് കോടിയില്‍ 13.04കോടി ചെലവായി. ഇതില്‍ ബ്രോഷറിന് 5.54കോടി, കത്തിന് 1കോടി, വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45കോടി എന്നിങ്ങനെയാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്ക്.

സര്‍ക്കാരിന്റെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചത്.