തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിധിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിധിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ സതീശൻ രൂക്ഷ ഭാഷയിൽ വിമർശിച്ചു.
ഇത്തരക്കാർ അധ്യാപകർ ആണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നിൽക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിധിന്റെ മരണത്തിന് പിന്നാലെ അധ്യാപകരുടെ അധിക്ഷേപത്തിന്റെ വാർത്തയടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥിന്റെ മരണത്തിൽ കർശന നടപടി വേണമായിരുന്നെന്നും സതീശൻ അഭിപ്രായപ്പെട്ടു.
അന്ന് കർശന നടപടിയെടുത്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.



