കായംകുളം: അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവതിയെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെപ്പോയി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കായംകുളത്തെ പ്രമുഖ വ്യാപാരി നേതാവിനെതിരെ പോലീസ് കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെതിരെയാണ് കായംകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സന്നദ്ധനായി എത്തിയ സിനിൽ സവാദ്, യാത്രാമധ്യേ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
ആശുപത്രിയിൽ എത്തിയ ശേഷം യുവതി തനിക്കുണ്ടായ ദുരനുഭവം ഡോക്ടറോട് വെളിപ്പെടുത്തി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സിനിൽ സവാദ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.



