കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കട്ട് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ ഡിജിപി ഹാജരാകണമെന്നാണ് നിര്‍ദേശം.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം.
വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.



