ഹഗൻബാച്ച്: ഒൻപത് വയസുള്ള മകനെ വർഷങ്ങളായി വാനിൽ പൂട്ടിയിട്ട പിതാവിനെതിരെ കേസെടുത്ത് പോലീസ്. കിഴക്കൻ ഫ്രാൻസിലെ ഹഗൻബാച്ച് ഗ്രാമത്തിലാണ് ഒൻപത് വയസുകാരനെ 2024 മുതൽ വാനിൽ പൂട്ടിയിട്ടത്.
വാഹനത്തിനുള്ളിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട അയൽവാസി പോലീസിനെ വിവരമറിയിച്ചതോടെയാണ് പിതാവിന്റെ ക്രൂരത പുറംലോകം അറിഞ്ഞത്. സ്ഥലത്ത് എത്തിയ പോലീസ് വാൻ ബലമായി തുറന്നപ്പോൾ, മാലിന്യങ്ങൾക്കും മലമൂത്രവിസർജ്യത്തിനും ഇടയിൽ ഒരു പുതപ്പിനുള്ളിൽ നഗ്നനായി ചുരുണ്ടുകൂടി കിടക്കുന്ന കുട്ടിയെയാണ് കണ്ടെത്തിയത്. ദീർഘകാലം ഒരേയിരുപ്പ് ഇരുന്നതിനാൽ കുട്ടിക്ക് ഇപ്പോൾ നടക്കാൻ കഴിയില്ലെന്നും പോഷകാഹാരക്കുറവ് ഉണ്ടെന്നും അധികൃതർ വിശദമാക്കി.
മകനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ തന്റെ പങ്കാളി ശ്രമിച്ചിരുന്നെന്നും അതിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാനാണ് 2024 നവംബർ മുതൽ വാനിൽ ഒളിപ്പിച്ചതെന്നുമാണ് 43കാരനായ പിതാവ് പൊലീസിനോട് പറഞ്ഞത്. ദിവസവും രണ്ടുനേരം പിതാവ് ഭക്ഷണം എത്തിച്ചിരുന്നതായും പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് മലമൂത്രവിസർജനം നടത്തിയിരുന്നതെന്നും കുട്ടി വെളിപ്പെടുത്തി. 2024ന് ശേഷം കുട്ടി കുളിച്ചിട്ടുപോലുമില്ല.
കുട്ടിയെ അനധികൃതമായി തടങ്കലിൽ വെച്ചതിനും ശരിയായ ഭക്ഷണവും ചികിത്സയും നൽകാത്തതിനും പിതാവിനെതിരെയും കുട്ടിയെ സഹായിക്കാതിരുന്നതിന് പിതാവിന്റെ പങ്കാളിക്കെതിരെയും കേസെടുത്തു. കുട്ടിയെയും മറ്റ് രണ്ട് സഹോദരങ്ങളെയും താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വാനിൽ നിന്ന് ശബ്ദം കേട്ടപ്പോൾ പൂച്ചയാണെന്നാണ് പിതാവ് അയൽക്കാരോട് പറഞ്ഞിരുന്നത്.



