തൃശൂർ: വോട്ടെടുപ്പുദിനത്തിൽ ബൂത്ത് സന്ദർശിക്കുകയായിരുന്ന മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപിയുടെ പോളിംഗ് ഏജന്റിനെ അറസ്റ്റ് ചെയ്തു.
കണ്ടശാംകടവ് സെന്റ് മേരീസ് കോണ്‍വെന്റ് ഗേൾസ് ഹൈസ്കൂളിലെ 205-ാം നമ്പർ ബൂത്തിലെ ഏജന്റായ മാങ്ങാട്ടുകര ചുള്ളിയിൽ വീട്ടിൽ ജയപ്രകാശനെ(62)യാണ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് പോലീസാണു കേസെടുത്തത്. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ നീബ ജോസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി.
വ്യാഴാഴ്ച പതിനൊന്നരയോടെയാണ് വോട്ടെടുപ്പ് പുരോഗതി വിലയിരുത്താൻ ബൂത്തിനകത്തു ചെന്ന ടി.എൻ. പ്രതാപനും പ്രതിയും തമ്മിൽ സംഘർഷമുണ്ടായത്. ഇയാൾ ബഹളംവച്ച് പോളിംഗ് തടസപ്പെടുത്തിയെന്നും പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ പരാതി ലഭിച്ചതിനെത്തുടർന്ന് അന്തിക്കാട് ഇൻസ്പെക്ടർ വി.എം. കെഴ്സണ്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലായിരുന്ന പ്രതി ടി.എൻ. പ്രതാപനെ അസഭ്യം പറയുകയും ശാരീരികമായി കൈയേറ്റം ചെയ്യാൻ മുതിരുകയും ചെയ്തുവെന്നാണു പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി. ശ്രീകുമാർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യപിച്ച ഒരാൾ ബൂത്തിനകത്ത് ഏജന്റായി ഇരുന്നതു ഗുരുതര വീഴ്ചയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.



