കേരള രാഷ്ട്രീയത്തിലെ അതികായനായ ജി സുധാകരൻ ചുവപ്പ് ക്യാമ്പ് വിട്ട് യു ഡി എഫ്. പാളയത്തിലെത്തിയതോടെ അമ്പലപ്പുഴ മണ്ഡലം ഒരു അഭിമാന പോരാട്ടത്തിന്റെ വേദിയായിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം മുന്നണികൾ കണക്കുകൾ നിരത്തുമ്പോൾ, വിജയത്തിൽ ഒരു സംശയവുമില്ലെന്ന് പ്രഖ്യാപിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി എച്ച് സലാം എം എൽ എ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു.

എൽ.ഡി.എഫ്. 62,000ലധികം വോട്ടുകൾ നേടുമെന്ന് സലാം അവകാശപ്പെടുന്നു. എല്ലാ ജാതി-മത വിഭാഗങ്ങളിലും പെട്ടവരും ഇടതുപക്ഷത്തിന് പുറത്തുള്ളവരും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. യു ഡി എഫ്. സ്ഥാനാർത്ഥി ജി സുധാകരന് ലഭിക്കുന്ന ബി ജെ പി വോട്ടുകളുടെ അളവനുസരിച്ചായിരിക്കും ഭൂരിപക്ഷം മാറുന്നത്. ബി ജെ പി വോട്ടുകൾ യു ഡി എഫിലേക്ക് മറിഞ്ഞാൽ ഭൂരിപക്ഷം 5000 ആയിരിക്കുമെന്നും, ബി ജെ പി 20,000-ൽ അധികം വോട്ട് പിടിച്ചാൽ എൽ ഡി എഫ് ഭൂരിപക്ഷം 10000 കടക്കുമെന്നും സലാം കണക്കുകൂട്ടുന്നു.

വഞ്ചനയുടെ രാഷ്ട്രീയത്തോട് അമ്പലപ്പുഴ വിടപറയുമെന്നും രാഷ്ട്രീയ നെറിവ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കുറിച്ചു. മണ്ഡലത്തിൽ സി.പി.എമ്മിന് നേരിയ ആശങ്കയുണ്ടെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നോ എന്ന സംശയം ചില നേതാക്കൾക്കുണ്ട്. ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച സുധാകരന് വ്യക്തിപരമായുള്ള സ്വാധീനം വോട്ടായി മാറുമോ എന്നതാണ് സി പി എമ്മിനെ ചിന്തിപ്പിക്കുന്നത്. പാർട്ടിയിലെ അമർഷം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.