കാങ്കോലിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കൃഷിത്തോട്ടത്തിന് നേരെ അക്രമം. കാങ്കോൽ കരിങ്കുഴിയിലുള്ള ഗ്രീൻ ഹൗസിലെ മഴമറ അക്രമികൾ കത്തിച്ചു. കൃഷിത്തോട്ടത്തിന്റെ ചുറ്റുമതിലും തകർത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

സിപിഎം പ്രവർത്തകരാണ് ഇരുട്ടിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടതെന്ന് പരാതിയിൽ പറയുന്നു. ഗ്രീൻ ഹൗസിന് തീയിട്ട വിവരം അറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയാണ് തീയണച്ചത്.  തകർക്കപ്പെട്ട ചുറ്റുമതിലിൽ വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ പതിപ്പിച്ചിരുന്നു. ഇത് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. 

ഈ ആക്രമണത്തിന് പിന്നാലെ 2026 ഏപ്രിൽ 11 ശനിയാഴ്ച പുലർച്ചെ മാതമംഗലം പേരൂലിലും അക്രമം അരങ്ങേറി. എ കെ നാരായണന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്കിൽ കുറിപ്പുകൾ പ്രസിദ്ധീകരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ നാരായണന്റെ കാർ കത്തിക്കാനും അക്രമികൾ ശ്രമിച്ചിരുന്നു.

പയ്യന്നൂർ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.