കൊച്ചി: ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി വനിതാ ജയിലിലുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. കാക്കനാട് വനിതാ ജയിലിലുണ്ടായ സംഭവത്തിൽ കെനിയൻ സ്വദേശിനി അക്കിനി ഒന്യാങ്ങോയുടെ മർദനമേറ്റ നാഫില എന്ന തടവുകാരി ആശുപത്രിയിൽ ചികിത്സതേടി.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ജയിൽ അധികൃതർ റിപ്പോർട്ട് തേടി. അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തിൽ പിടിച്ച് തള്ളുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് സംഘർഷം നിയന്ത്രണ വിധേയമാക്കി.
പാസ്പോർട്ട് നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് അക്കിനി ഒന്യാങ്ങോ ജയിലിൽ കഴിയുന്നത്. നാഫിലയുടെ പരാതിയിൽ കെനിയൻ സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തു.



