ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടായേക്കുമെന്ന് സിപിഎം വിലയിരുത്തൽ. അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ സീറ്റുകളിൽ കടുത്ത മത്സരമാണ് നടന്നതെന്നും പാർട്ടി വിലയിരുത്തുന്നു.
ജി.സുധാകരൻ സ്ഥാനാർഥിയായതോടെ അമ്പലപ്പുഴയിൽ പതിവായി എൽഡിഎഫിന് കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ചിലയിടങ്ങളിൽ പ്രതീക്ഷിച്ച വോട്ട് പാർട്ടിക്ക് ലഭിച്ചില്ല. ബിജെപി വോട്ടുകൾ കുറച്ച് ജി.സുധാകരന് ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ല.
പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും രണ്ടായിരം വോട്ടിനെങ്കിലും വിജയിച്ച് കയറാമെന്നും വിലയിരുത്തുന്നു. ഹരിപ്പാടും കുട്ടനാടും നഷ്ടമാകും. അരൂരിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. ഇതും ആശങ്ക ഉളവാക്കുന്നതാണ്. ബൂത്ത് തല കണക്കുകൾ പ്രകാരം ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ച സംഭവിച്ചതായി പാർട്ടി കണക്കുകൂട്ടുന്നു.
ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിൽ വിജയം ഉറപ്പാണ്. വരും ദിവസങ്ങളിൽ പഞ്ചായത്തുതല കണക്കുകൾ എടുത്ത് വിലയിരുത്താണ് പാർട്ടി തീരുമാനം.



