ന്യൂഡൽഹി: കുട്ടി ഉപഭോക്താക്കളുടെ ഓണ്‍ലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് മെറ്റ.
“ടീൻ അക്കൗണ്ട്സ്’ എന്നപേരിൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരം വഴി 18 വയസിനു താഴെയുള്ളവർക്ക് ഇനിമുതൽ കൂടുതൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ തനിയെ ലഭ്യമാകും.
ഇത്തരത്തിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ അനുവാദമില്ലാതെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല.
സിനിമകൾക്കു പ്രായപരിധി നിശ്ചയിക്കുന്ന മാതൃകയിലാണ് ഇൻസ്റ്റഗ്രാം ഈ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
അപകടകരമായ അഭ്യാസപ്രകടനങ്ങൾ, മോശം ഭാഷാപ്രയോഗങ്ങൾ, അശ്ലീല ഉള്ളടക്കം തുടങ്ങിയവ കൗമാരക്കാരുടെ അക്കൗണ്ടിൽ സ്വയം വരുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. പ്രായത്തിന് അനുയോജ്യമല്ലാത്ത വിവരങ്ങൾ സ്വയം കണ്ടെത്തി നിയന്ത്രിക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാമിൽ ലഭ്യമാകും.
കൂടാതെ, അനുചിതമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകളെ പിന്തുടരുന്നതിൽനിന്നും കൗമാരക്കാരെ ഇൻസ്റ്റഗ്രാം തടയും. പോസ്റ്റുകൾക്കു താഴെയുള്ള കമന്റുകൾ കാണുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും പരിധി നിശ്ചയിക്കുന്ന “ലിമിറ്റഡ് കണ്ടന്റ്’ മോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈൻ ലോകത്ത് കുട്ടികളുടെ പ്രവർത്തനങ്ങളിൽ മാതാപിതാക്കൾക്ക് കൂടുതൽ മേൽനോട്ടം നൽകുകയെന്ന ലക്ഷ്യത്തോടെയാണു മെറ്റ ഈ സുരക്ഷാ ക്രമീകരണങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്കു പ്രായപരിധി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടെയാണു മെറ്റയുടെ നീക്കം.



