ചിക്കാഗോ വൈറ്റ് സോക്സ് ബേസ്ബോൾ ടീമിനോടുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ അടങ്ങാത്ത ആരാധനയ്ക്ക് കായികലോകം സാക്ഷ്യം വഹിക്കാൻ പോകുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ വൈറ്റ് സോക്സ് ആരാധകനെ ആദരിക്കുന്നതിനായി വരാനിരിക്കുന്ന ഓഗസ്റ്റ് 11-ന് നടക്കുന്ന മത്സരത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്സിനെതിരെ നടക്കുന്ന ഈ മത്സരത്തിൽ, മാർപാപ്പ ധരിക്കുന്ന ‘മിറ്റർ’ (Mitre) തൊപ്പിയുടെ ആകൃതിയിലുള്ള, വൈറ്റ് സോക്സ് ലോഗോ പതിപ്പിച്ച പ്രത്യേക ‘പോപ്പ് തൊപ്പികൾ’ ആരാധകർക്കായി വിതരണം ചെയ്യും.
താൻ എന്നും ഒരു വൈറ്റ് സോക്സ് ആരാധകനായിരുന്നുവെന്നും ഒരിക്കലും കബ്സ് ടീമിനെ പിന്തുണച്ചിട്ടില്ലെന്നും മാർപാപ്പ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനായ ജോൺ പ്രെവോസ്റ്റ് ഈ കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിൽ പലരും വിവിധ ടീമുകളെ പിന്തുണച്ചിരുന്നെങ്കിലും, ലെയോ പതിനാലാമൻ മാർപാപ്പയുടെ ഹൃദയം എന്നും ചിക്കാഗോ വൈറ്റ് സോക്സിനൊപ്പമായിരുന്നു. 2005-ൽ വൈറ്റ് സോക്സും ഹ്യൂസ്റ്റൺ ആസ്ട്രോസും തമ്മിൽ നടന്ന വേൾഡ് സീരീസ് മത്സരത്തിൽ അന്നത്തെ ഫാ. റോബർട്ട് പ്രെവോസ്റ്റ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു.
മാർപാപ്പയുടെ ഈ വൈറ്റ് സോക്സ് ബന്ധത്തെ മുൻനിർത്തി മുൻപും നിരവധി ആദരവുകൾ ടീം നൽകിയിട്ടുണ്ട്. അദ്ദേഹം 2005-ലെ വേൾഡ് സീരീസ് മത്സരം കണ്ടിരുന്ന റേറ്റ് ഫീൽഡിലെ സെക്ഷൻ 140-ലെ 19-ാം നിരയിലെ രണ്ടാം നമ്പർ സീറ്റ് കഴിഞ്ഞ വർഷം വൈറ്റ് സോക്സ് അടയാളപ്പെടുത്തിയിരുന്നു. തന്റെ അന്തരിച്ച സുഹൃത്ത് എഡ് ഷ്മിറ്റിനൊപ്പമാണ് അദ്ദേഹം അന്ന് ആ കളി ആസ്വദിച്ചത്. ഈ ചരിത്രപരമായ നിമിഷം അടയാളപ്പെടുത്തുന്ന ഗ്രാഫിക്സും സ്റ്റേഡിയത്തിൽ ടീം സ്ഥാപിച്ചിട്ടുണ്ട്.
തന്റെ നർമ്മബോധം കലർന്ന സംഭാഷണങ്ങളിലൂടെയും മാർപാപ്പ ഈ ടീമിനോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ട്. നാഷണൽ കാത്തലിക് യൂത്ത് കോൺഫറൻസിൽ ഡിജിറ്റലായി പങ്കെടുത്തപ്പോൾ, താൻ എപ്പോഴും ‘വൈറ്റ് സോക്സ്’ (വെളുത്ത സോക്സുകൾ) മാത്രമേ ധരിക്കാറുള്ളൂ എന്ന് പാപ്പ തമാശയായി പറഞ്ഞത് കായിക പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഈ വർഷത്തെ ‘പോപ്പ് ഹാറ്റ്’ ഗിവ് എവേ വഴി തങ്ങളുടെ ഏറ്റവും വിശിഷ്ടനായ ആരാധകനോടുള്ള കടപ്പാട് അറിയിക്കുകയാണ് ചിക്കാഗോ വൈറ്റ് സോക്സ്.



