ജയ്പുർ: രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ (ജെജെഎം) അഴിമതിയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാളിനെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു.
എസിബി സംഘം അഗർവാളിനെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഓം പ്രകാശ് മീണ എസിബി ആസ്ഥാനത്ത് വച്ച് അദേഹത്തെ ചോദ്യം ചെയ്തു. കേസിൽ അഗർവാളിനെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതേ കേസിൽ, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.
2024 ൽ ആരംഭിച്ച അന്വേഷണത്തിൽ ഇതുവരെ 11 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും മറ്റ് മൂന്ന് പേർ ഇപ്പോഴും ഒളിവിലാണെന്നും എസിബി ഡയറക്ടർ ജനറൽ ഗോവിന്ദ് ഗുപ്ത പറഞ്ഞു.
ജൽജീവൻ മിഷൻ കരാറുകൾ നേടാൻ ഗണപതി ട്യൂബ്വെൽ, ശ്യാം ട്യൂബ്വെൽ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഏകദേശം 900 കോടി രൂപയുടെ ടെൻഡറുകൾ ആണ് നൽകിയത്.
ഇതേക്കുറിച്ച് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ലെന്ന് എസിബി കണ്ടെത്തി. ഇതിനുപുറമെ, 50 കോടി രൂപയിൽ കൂടുതലുള്ള പദ്ധതികൾക്ക് നിർബന്ധിത സൈറ്റ് പരിശോധനകൾ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
കേസിൽ, ഫെബ്രുവരി 17 ന് എസിബി, ജയ്പൂർ, ബാർമർ, ജലൂർ, സിക്കാർ, ബിഹാർ, ജാർഖണ്ഡ്, ഡൽഹി, രാജസ്ഥാൻ തുടങ്ങി 15 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. അന്വേഷണത്തിൽ വ്യാജ ബില്ലിംഗ്, സാമ്പത്തിക ക്രമക്കേടുകൾ, ടെൻഡർ പ്രക്രിയയിലെ ഗുരുതരമായ നടപടിക്രമ ലംഘനങ്ങൾ എന്നിവ കണ്ടെത്തി.
അതേ ദിവസം തന്നെ അഗർവാളിന്റെ വസതിയിൽ ഒരു റെയ്ഡ് നടത്തുകയും ഒമ്പത് പിഎച്ച്ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫെബ്രുവരി 18ന് അഗർവാളിനെതിരെ ലുക്ക്-ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചു.
രാജസ്ഥാനിലെ മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് അഴിമതി നടന്നത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അഗർവാൾ, പിഎച്ച്ഇഡിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.



