കോട്ടയം: നിയമസഭാ വോട്ടിംഗ് അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് പോളിംഗ് ഏറ്റവും കുറവ് തിരുവല്ലയിലും കടുത്തുരുത്തിയിലും ചെങ്ങന്നൂരിലും റാന്നിയിലും.
പ്രവാസികള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരായുള്ളത് ഈ നാല് മണ്ഡലങ്ങളിലാണ്. 68.99 ശതമാനമാണ് കടുത്തുരുത്തിയിലെ വോട്ടിംഗ്. തിരുവല്ലയിലാകട്ടെ 68.81, ചെങ്ങന്നൂര്‍ 68.28, റാന്നി 67.31 എന്നിങ്ങനെയാണ് ശതമാന കണക്കുകള്‍.
സംസ്ഥാനത്തെ തന്നെ ഏറ്റവും കുറവ് പോളിംഗ് നടന്ന മണ്ഡലങ്ങളായി ഈ നാലെണ്ണം മാറിയതില്‍ പല ഘടകങ്ങളാണ് കാരണം. സംസ്ഥാനത്ത് 28 നിയോജക മണ്ഡലങ്ങളില്‍ 80 ശതമാനം പിന്നിട്ടപ്പോഴാണ് മധ്യകേരളത്തിലെ നാലു മണ്ഡലങ്ങളില്‍ പോളിംഗ് കുറവ് രേഖപ്പെടുത്തിയത്.
മണ്ഡലങ്ങളിലെ ഒട്ടേറെപ്പേർ പ്രവാസികളായതും പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം കണക്കിലെടുത്ത് നാട്ടിലെത്താന്‍ കഴിയാതെ പോയതുമാണ് പോളിംഗ് കുറയാന്‍ മുഖ്യകാരണമെന്നാണ് കരുതുന്നത്. പലരും ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ലഭ്യമാകാതെ വന്നു.
വിമാന ടിക്കറ്റ് നിരക്കിലെ അപ്രതീക്ഷിത കുതിപ്പും തിരിച്ചടിയായി. കേരളം ആര് ഭരിക്കണമെന്ന വലിയ ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്താന്‍ കഴിയാതെ പോയതിന്റെ നിരാശയിലാണ് പ്രവാസി വോട്ടര്‍മാര്‍. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പിനായി നാട്ടിലെത്തുന്ന പലയാളുകളും ഇത്തവണ എത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.



