ഫ്രാൻസിലെ വിശ്വപ്രസിദ്ധമായ ലൂർദിലെ തീർഥാടന കേന്ദ്രത്തിൽ നീണ്ട 17 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം മെഡിക്കൽ ഒബ്സർവേഷൻസ് ഓഫീസ് ഡയറക്ടർ ഡോ. അലസ്സാൻഡ്രോ ഡി ഫ്രാൻസിസിസ് ഔദ്യോഗികമായി വിരമിച്ചു. ലൂർദ്‌സിൽ സുഖം പ്രാപിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ കേസുകൾ നിലവിലെ ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുക മാത്രമാണ് മെഡിക്കൽ ബ്യൂറോയുടെ ജോലി.

70-കാരനായ ഈ ഇറ്റാലിയൻ അമേരിക്കൻ ഡോക്ടർ, ലൂർദ്‌ മാതാവിന്റെ തിരുനാൾ ദിനമായ 2026 ഫെബ്രുവരി 11-നാണ് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിന് പകരമായി ഇറ്റാലിയൻ സർജനായ ഡോ. ജിയാഡ മൊണാമി ചുമതലയേൽക്കും. ലൂർദ്‌സിന്റെ ചരിത്രത്തിൽ മെഡിക്കൽ ഓഫീസിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായിരിക്കും ഡോ. മൊണാമി.

താൻ ഒരു ‘അദ്ഭുത പ്രവർത്തകൻ’ അല്ലെന്നും മറിച്ച് ഒരു ശാസ്ത്രജ്ഞനാണെന്നുമാണ് ഡോ. ഡി ഫ്രാൻസിസിസ് എപ്പോഴും വിശ്വസിച്ചിരുന്നത്. “വൈദ്യശാസ്ത്രത്തിൽ അദ്ഭുതങ്ങൾ എന്ന വാക്കിന് സ്ഥാനമില്ല” എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 1883-ൽ സ്ഥാപിതമായ ഈ ബ്യൂറോയിൽ ഇതുവരെ ആയിരക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതികഠിനമായ പരിശോധനകൾക്ക് ശേഷമേ അവ സഭയുടെ പരിഗണനയ്ക്ക് അയക്കാറുള്ളൂ.

ലൂർദ്‌സിലെ രോഗശാന്തികൾ അംഗീകരിക്കുന്നതിന് കർശനമായ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. രോഗനിർണ്ണയം വ്യക്തമായിരിക്കണം, രോഗം ഗുരുതരമായിരിക്കണം, സുഖപ്പെടൽ പെട്ടെന്നുള്ളതും പൂർണ്ണവും കാലക്രമേണ നിലനിൽക്കുന്നതുമായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ. ഡോ. ഡി ഫ്രാൻസിസിന്റെ കാലയളവിൽ മാത്രം 1,500 ഓളം രോഗശാന്തി റിപ്പോർട്ടുകൾ ലഭിച്ചെങ്കിലും വളരെ കുറച്ച് കേസുകൾ മാത്രമേ ആഴത്തിലുള്ള അന്വേഷണത്തിന് വിധേയമാക്കിയിട്ടുള്ളൂ. ലോകമെമ്പാടുമുള്ള 30 ഗവേഷകർ അടങ്ങുന്ന അന്താരാഷ്ട്ര മെഡിക്കൽ കമ്മിറ്റിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ഒരു കേസ് ‘വിശദീകരിക്കാനാകാത്ത രോഗശാന്തി’യായി അംഗീകരിക്കുകയുള്ളൂ. ഇതിനുശേഷം മാത്രമാണ് സഭ ഒരു അദ്ഭുതം സംഭവിച്ചോ എന്ന് തീരുമാനിക്കുന്നത്.

1858 മുതൽ ഇതുവരെ ഏകദേശം 8,000 രോഗശാന്തി കേസുകൾ ലൂർദ്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സഭ ഔദ്യോഗികമായി അദ്ഭുതമെന്ന് അംഗീകരിച്ചിട്ടുള്ളത് 72 കേസുകൾ മാത്രമാണ്. ഡോ. ഡി ഫ്രാൻസിസിസിന്റെ സേവനകാലത്ത് അഞ്ച് കേസുകൾ ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടു. ഏറ്റവും ഒടുവിൽ 2025 ഏപ്രിലിൽ ഇറ്റാലിയൻ വനിതയായ അന്റോണിയ റാക്കോയുടെ രോഗമുക്തി അദ്ഭുതമായി പ്രഖ്യാപിച്ചിരുന്നു. തളർച്ച ബാധിച്ച അവർ 2009-ൽ ലൂർദ്‌സ് സന്ദർശനത്തിന് പിന്നാലെയാണ് അദ്ഭുതകരമായി സുഖം പ്രാപിച്ചത്.

വിരമിച്ച ഡോക്ടർക്ക് പകരമായി എത്തുന്ന ഡോ. ജിയാഡ മൊണാമി മികച്ച ഗവേഷണ പരിചയമുള്ള വ്യക്തിയാണ്. കുട്ടിക്കാലം മുതൽ ലൂർദ്‌സുമായി ആത്മീയ ബന്ധം പുലർത്തുന്ന അവർ, കഴിഞ്ഞ പത്ത് വർഷമായി രോഗികളെ ലൂർദ്‌സിലേക്ക് അനുഗമിക്കുന്ന വളണ്ടിയർ ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ഡി ഫ്രാൻസിസിസ് കെട്ടിപ്പടുത്ത അന്താരാഷ്ട്ര മെഡിക്കൽ സമൂഹത്തെ മുൻപോട്ടു നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പുതിയ ഡയറക്ടർക്ക് മുന്നിലുള്ളത്. ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ഈ സുതാര്യമായ ബന്ധം ലൂർദ്‌സിന്റെ പവിത്രത ലോകത്തിന് മുൻപിൽ എന്നും കാത്തുസൂക്ഷിക്കുന്നു.