തിരുവനന്തപുരം: ഇത്തവണ യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി. ഒരു തരം, രണ്ടു തരം, മൂന്നു തരം യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്നും വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഉടനീളം ഉയർന്ന ഭരണവിരുദ്ധ വികാരം ജനരോഷമാകുന്ന കൊടുങ്കാറ്റായി രൂപപ്പെട്ടു. പത്തു വർഷത്തെ ജനദ്രോഹ നടപടികൾക്ക് കണക്കു ചോദിക്കാൻ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തിൽ നൽകാവുന്ന കടുത്തശിക്ഷ വോട്ടർമാർ ഈ സർക്കാരിനു നൽകും.
യുഡിഎഫ് ഇത്തവണ കേരളം തൂത്തുവാരും. ഇന്ന് വൈകുന്നേരം ആറിന് പിണറായി സർക്കാർ അസ്തമിക്കും. മേയ് നാലിനുശേഷം ഇടതുനേതാക്കൾക്ക് പ്രതിപക്ഷത്തിരുന്ന തെറ്റുതിരുത്തൽ നടത്താം. കേരളത്തിനു ചേർന്ന പാർട്ടിയല്ല ബിജെപി. അവർക്കു കേരളത്തിൽ വേരോട്ടം ലഭിക്കില്ല. അവർക്ക് ജയിക്കാവുന്ന ഒരു സീറ്റും കാണുന്നില്ലെന്നും ആന്റണി പറഞ്ഞു.
കഴിഞ്ഞ കാലത്തു യുഡിഎഫിനെ എതിർത്ത എസ്എഫ്ഐയുടെ പ്രസിഡന്റ് ഉൾപ്പെടെ തുടർഭരണത്തിന് എതിരായി യുഡിഎഫിനൊപ്പം കൈകോർക്കുകയാണ്. ഇടതുപാർട്ടികളെ സ്നേഹിക്കുന്നവർ തുടർഭരണത്തിന് എതിരാണ്. അവരെല്ലാം ഇത്തവണ യുഡിഎഫിനൊപ്പമാണെന്നും എ.കെ.ആന്റണി വ്യക്തമാക്കി.



