ചന്ദ്രനിലേക്കുള്ള, മനുഷ്യന്റെ ചരിത്രപരമായ ആർട്ടെമിസ് II ദൗത്യത്തിനിടയിലും ആത്മീയതയെയും മാനവികതയെയും കൂട്ടിയിണക്കി ബഹിരാകാശയാത്രികൻ വിക്ടർ ഗ്ലോവർ. ഏപ്രിൽ ഒന്നിന് വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിൽ, ബഹിരാകാശത്ത് നിന്നും വിക്ടർ ഗ്ലോവർ നൽകിയ ഈസ്റ്റർ സന്ദേശം ആഗോളതലത്തിൽ ശ്രദ്ധേയമാവുകയാണ്. ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ അകലെ ശൂന്യാകാശത്തിരുന്ന് താൻ ബൈബിൾ വായിക്കുന്നുണ്ടെന്നും സൃഷ്ടിയുടെ വിസ്മയങ്ങളിൽ അദ്ഭുതപ്പെടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഭൂമിയെ മുഴുവനായും കാണാൻ കഴിയുന്നതാണ് ബഹിരാകാശയാത്രയിലെ ഏറ്റവും വലിയ വ്യക്തിപരമായ അനുഭവം എന്ന് ഗ്ലോവർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നാം സഞ്ചരിക്കുന്ന അത്യാധുനികമായ ബഹിരാകാശ പേടകം പോലെ തന്നെ, പ്രപഞ്ചത്തിലെ മനുഷ്യന്റെ ഏക മരുപ്പച്ചയായ ‘ഭൂമി’ എന്ന വലിയ ബഹിരാകാശ പേടകത്തിലാണ് നാമെല്ലാവരും വസിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ശൂന്യതയിൽ ഒരുമിച്ച് നിലനിൽക്കാൻ ദൈവം നൽകിയ ഈ മനോഹരമായ സ്ഥലം നമ്മെ വിനയാന്വിതരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈസ്റ്റർ ആഘോഷിക്കുന്നത് വ്യത്യസ്തമായ രീതികളിലാണെങ്കിലും, ഭൂമിയിലുള്ള എല്ലാ മനുഷ്യരും സമാനരാണെന്നും നാം ഒരേ ഗ്രഹത്തിലെ യാത്രികരാണെന്നും ഓർക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. “നമ്മൾ ഭൂമിയിൽ നിന്ന് വളരെ അകലെയാണെങ്കിലും, അവിടെയുള്ള ഓരോ മനുഷ്യരും സവിശേഷമായ വിലയുള്ളവരാണ്” എന്ന് വിക്ടർ ഗ്ലോവർ ഓർമ്മിപ്പിച്ചു. ശാസ്ത്രത്തിന്റെ അതിരുകൾ ഭേദിക്കുമ്പോഴും വിശ്വാസത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ലോകവീക്ഷണം അദ്ദേഹം പങ്കുവെച്ചു.
നിലവിൽ ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ അകലത്തിൽ എത്തിയ മനുഷ്യവാഹക ദൗത്യം എന്ന റെക്കോർഡ് ആർട്ടെമിസ് II സ്വന്തമാക്കി കഴിഞ്ഞു. സൃഷ്ടിയുടെ മഹത്വവും സൗന്ദര്യവും ചിത്രങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും ഭൂമിയിലുള്ളവർക്ക് പകർന്നു നൽകുന്ന ഈ ദൗത്യം, കേവലം ഒരു പര്യവേക്ഷണം എന്നതിലുപരി മാനവികതയുടെ ഐക്യത്തിന്റെ സന്ദേശം കൂടിയായി മാറുകയാണ്. ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇവർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകവും വിശ്വാസികളും.



