തൃശൂർ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നീക്കമെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നടത്തിയ പരിശോധനയിൽ 750 ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു.
ഈ സ്ഥാപനം ഒരു ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയാറാക്കിയതാണ് ഈ കിറ്റുകളെന്ന് എൽഡിഎഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. ഒരു ക്ഷേത്രത്തിൽ വിഷുവിന് വിതരണം ചെയ്യാൻ വേണ്ടി എത്തിച്ച കിറ്റുകളാണെന്നാണ് കമ്പനി അധികൃതർ വിശദീകരിക്കുന്നത്.



