തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപന സമയത്തും അന്തിമ വോട്ടർ പട്ടിക പ്രഖ്യാപന വേളയിലുമൊക്കെ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഒരു സ്വപ്നം പ്രധാനമായും പങ്കുവെച്ചിരുന്നു- ഇക്കുറി, ഏപ്രിൽ ഒമ്പതിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 85 ശതമാനത്തിനുമേൽ പോളിംഗ് ഉണ്ടാകും. അങ്ങനെ ഉണ്ടാകണമെന്നും അദ്ദേഹം പ്രത്യാശിച്ചു.

പരമാവധി കൂടുതൽ വോട്ടർമാരെ ചേർത്ത് ,വോട്ടർ വോട്ടർ പട്ടികയിലെ കരടുകളും തെറ്റുകളും തിരുത്തിയും മരിച്ചുപോയവരെ ഒഴിവാക്കിയും കൊണ്ടുള്ള ശുദ്ധമായ വോട്ടർ പട്ടിക അവതരിപ്പിച്ചു എന്ന് അഭിമാനം കൊണ്ട് കൂടിയാകാം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇങ്ങനെ 85 ശതമാനം പോളിംഗ് എന്ന സ്വപ്നം പങ്കുവച്ചത്.

എന്നാൽ ഇങ്ങനെ ഒരു പോളിംഗിലേക്ക് കേരളം ഇപ്പോൾ എത്തുമ്പോൾ അല്ലെങ്കിൽ എത്തിയാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഉണ്ടായാൽ വിജയ പരാജയങ്ങളെ ഈ പോളിംഗ് ശതമാനം എങ്ങനെ ബാധിക്കും? കുറയുന്നതും കൂടുന്നതും ഏതെങ്കിലും പാർട്ടികളെയോ മുന്നണികളെയോ പ്രത്യേക രീതിയിൽ സ്വാധീനിക്കുമോ?

കേരളത്തിൽ പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറയുന്നതിനും കൂടുന്നതിനും പലവിധ കാരണങ്ങളും ശാക്തിക ഘടകങ്ങളും ഉണ്ട് .എന്തിന് കഠിനമായ വെയിലോ മഴയോപോലും വോട്ടർമാരുടെ വരവിനെ സ്വാധീനിക്കാം.

തിരുവനന്തപുരം നഗരത്തിൽ നീണ്ട അവധി വന്നാൽ, മലബാറിൽ പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ട്രെയിൻ വിമാന സർവീസുകൾ ഒക്കെയാണ് വോട്ട് കുറയുന്നതും കൂട്ടുന്നതും. കാസർഗോഡ് ഭാഗങ്ങളിൽ മുംബൈയിൽ നിന്നുള്ള ഗതാഗതത്തെ ആശ്രയിച്ചിരിക്കും പലപ്പോഴും വോട്ടിന്‍റെ എണ്ണം. ഇടുക്കിയിൽ തോട്ടം തൊഴിലിന്‍റെ കണക്കനുസരിച്ചും.

എന്നാൽ ഇതൊന്നുമല്ലാതെ വോട്ടർമാരുടെ താത്പര്യക്കുറവാണ് കാരണമായി മാറുന്നതെങ്കിൽ ചിത്രം വേറൊന്നാണ്. രാഷ്ട്രീയക്കാരോട് താത്പര്യമില്ലാത്ത പുതുതലമുറയുടെ നിസംഗത, നിലവിലുള്ള സ്ഥാനാർഥിയോടുള്ള താത്പര്യക്കുറവ് മുതൽ വോട്ടിംഗ് ബഹിഷ്കരണം വരെ ഇതിന് കാരണമാകാം. കാഷ്മീർ പോലുള്ള സംസ്ഥാനങ്ങളിലെ ബൂത്ത് ഭീഷണികളോ ഒറ്റപ്പെടുത്തലോ കേരളത്തിൽ ഇല്ലെങ്കിലും സംഘടിതമായ ബഹിഷ്കരണമോ കൂട്ട വോട്ടു ചെയ്യലോ ആണ് മലയാളിക്ക് കൂടുതൽ പഥ്യം.

റിക്കോർഡിട്ട 85 .70 %

വോട്ടിംഗ് ശതമാനം കൂടിയാൽ വലതിന് കുറഞ്ഞാൽ ഇടതിന് എന്നിങ്ങനെ പൊതു വിലയിരുത്തലും സമവാക്യവും കേരളത്തിൽ ഉണ്ടായിരുന്നു. ഏറെക്കുറെ അത് അന്ന് ശരിയുമായിരുന്നു . കേരളത്തിലെ ഇടതുപക്ഷം കൂടുതൽ സംഘടിതരും ആ വോട്ടർമാരെല്ലാം ബൂത്തിൽ എത്തുന്നവരും ആയിരുന്നു. വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിലും ഇടതുപക്ഷമായിരുന്നു മുന്നിൽ.

കോൺഗ്രസിനോ വലതു പാർട്ടികൾക്കോ അത്തരം സംവിധാനങ്ങൾ കുറവായിരുന്നു. കോൺഗ്രസിന് പിന്തുണ പലപ്പോഴും ജനക്കൂട്ടം ആകുമ്പോൾ ഇടതു പാർട്ടികൾക്ക് ശക്തി സംഘടനാ സംവിധാനമാണ്.

എന്നാൽ പുതിയ സാമൂഹ്യ സമവാക്യങ്ങൾ നിലവിൽ വന്നതോടെ പഴയ കണക്കുകൂട്ടലുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ട്. 2021ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 75.75 ആയിരുന്നു പോളിംഗ് ശതമാനം. 2016 ലെ 74.92 % എന്ന താരതമ്യത്തേക്കാൾ കൂടിയ പോളിംഗ് ആയിട്ടും ഇടതു സർക്കാർ അധികാരത്തിലേറി .

എന്നാൽ ചരിത്രത്തിലെ റിക്കാർഡ് പോളിംഗ് 1960ലായിരുന്നു. ഒറ്റത്തവണ മാത്രമേ നമ്മുടെ പോളിംഗ് 85 ശതമാനത്തിൽ കൂടുതലായി പോയിട്ടുള്ളൂ. അന്ന് 85.70 ആയിരുന്നു. രണ്ടാമത്തെ കൂടിയ പോളിംഗ് 1987ൽ ആയിരുന്നു – 80.53%.

66 വർഷം മുമ്പ് 85.7 ശതമാനം പോളിംഗ് നടന്നപ്പോൾ മൊത്തം വോട്ടർമാരുടെ എണ്ണം 96,04,331 ആയിരുന്നു. ചുരുക്കത്തിൽ 82 ലക്ഷം പേർ അന്ന് വോട്ട് ചെയ്തു. മൊത്തം സീറ്റുകൾ അന്ന് 126 ആയിരുന്നു.

കോൺഗ്രസ് പിഎസ്പി ലീഗ് സഖ്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തിൽ അധികാരത്തിലേറി. വിമോചന സമരത്തിന് തൊട്ടുപിന്നാലെ നടന്ന ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനു ശേഷമുള്ള വൻ വാശിയുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു അത്.

കേരളത്തിലെ പ്രധാന സമുദായങ്ങളും സഭകളും വിവിധ മത വിഭാഗങളും എല്ലാം രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിച്ച കാലമായിരുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ പോളിംഗ് 1957 ആയിരുന്നു – 66.22 %. അന്ന് അധികാരത്തിലേറിയത് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ആയിരുന്നു എന്നത് ശരിയാണ്. ഏറെക്കുറെ കണക്കാക്കിയാൽ കേരളത്തിൽ 70 നും 80 ശതമാനത്തിനും ഇടയിലാണ് നമ്മുടെ ശരാശരി നിരക്ക് .

പൗരബോധത്തിന്‍റെ ഉത്സവം

ഇത്തവണ പോളിംഗ് ശതമാനം ഉയർന്നാൽ എന്തായിരിക്കും അതിനർഥം? ജെൻസി എന്ന് വിളിക്കുന്ന പുതിയ തലമുറ തെരഞ്ഞെടുപ്പിൽ വലിയ താത്പര്യം കാണിക്കുന്നു എന്ന് പ്രാഥമികമായി തന്നെ കണക്കാക്കേണ്ടി വരും. മാത്രമല്ല പുതിയതരം സോഷ്യൽ മീഡിയ പോലുള്ള പ്രചരണ ആയുധങ്ങളുടെ ശക്തി പ്രകടമാകുന്ന അവസരം കൂടി ആകാം. അതെ, ഇത് 2.71 കോടി വോട്ടർമാരുടെ കരുത്താണ്.

എന്നാൽ പോളിംഗ് കൂടിയാൽ ഇന്ന പാർട്ടിക്ക് ഭരണത്തിലേറാൻ സാധ്യതയുണ്ട് എന്നുള്ള നിഗമനങ്ങൾ വർത്തമാന കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര ശരിയാകണമെന്നില്ല. കൂടുന്ന ഓരോ വോട്ടും ജനാധിപത്യത്തിന്‍റെ ശക്തി പ്രകടനമാകുന്നു – അത് രാജ്യത്തിന്‍റെ കൂടി മുന്നേറ്റമാകുമ്പോൾ പൗരബോധത്തിന്‍റെ ഉത്സവവും.