ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്റ്സ് (സിഎ) ഫൈനൽ പരീക്ഷാഷെഡ്യൂളിൽ മാറ്റം വരുത്തി. ഇനിമുതൽ വർഷത്തിൽ രണ്ടു തവണ മാത്രമായിരിക്കും സിഎ ഫൈനൽ പരീക്ഷ നടത്തുകയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) വ്യക്തമാക്കി.
നിലവിൽ ജനുവരി, മേയ്, സെപ്റ്റംബർ എന്നിങ്ങനെ വർഷത്തിൽ മൂന്നു തവണയാണ് സിഎ ഫൈനൽ പരീക്ഷകൾ നടത്തിവന്നിരുന്നത്. പുതിയ തീരുമാനപ്രകാരം ഇനിമുതൽ മേയ്, നവംബർ മാസങ്ങളിൽ മാത്രമാകും പരീക്ഷകൾ നടക്കുക.
പുതുക്കിയ പരീക്ഷാഷെഡ്യൂൾ ഈ വർഷം മേയ് മുതൽ പ്രാബല്യത്തിൽ വരുമെന്നും ഐസിഎഐ വ്യക്തമാക്കി. വിവിധ ഭാഗങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്നും അധികൃതർ അറിയിച്ചു.
ഇതോടൊപ്പം ഈ വർഷം ഇന്ത്യയിലും വിദേശത്തും മേയ് മൂന്നിന് ആരംഭിക്കേണ്ടിയിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഇന്റർമീഡിയറ്റ് പരീക്ഷ മേയ് അഞ്ചിലേക്കു മാറ്റി.



