കണ്ണൂർ: ബിജെപി ഡീൽ ഉന്നയിക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ നേതൃനിര നോക്കിയാൽ 30 ശതമാനം കോൺഗ്രസുകാരായിരിക്കും. രാജസ്ഥാനിൽ കെ.സി. വേണുഗോപാൽ രാജ്യസഭാംഗത്വം രാജിവച്ചാൽ അവിടെ ബിജെപി ജയിക്കുമെന്ന് അറിയാമായിരുന്നു. വേണുഗോപാൽ രാജിവച്ചത് ഏത് ഡീലിന്റെ ഭാഗമായിരുന്നു?. കോൺഗ്രസ് നേതാക്കളുടെ സ്വന്തം ബന്ധുക്കളും മക്കളും എവിടെയാണുള്ളത്?. സ്വയം അപഹാസ്യരായവർ സിപിഎമ്മിനെ അപഹസിക്കാൻ ശ്രമിക്കരുത്.
ഇഎംഎസ് പട്ടാമ്പിയിൽ മത്സരിക്കുമ്പോൾ ദീൻ ദയാൽ ഉപാധ്യായ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തി. എകെജി പാലക്കാട് മത്സരിക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടേയും സ്ഥാനാർഥിയായത് ആർഎസ്എസ് കാര്യവാഹകായിരുന്നു.
രാഹുൽ ഗാന്ധി ഇടതുപക്ഷ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയുന്നില്ല എന്ന് പറയുമ്പോൾ അതിന്റെ അസ്വാഭാവികത എത്രയെന്ന് അദ്ദേഹം ആലോചിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേന്ദ്രത്തിനെതിരേ പ്രതികരിക്കാൻ കേരളം തയാറായി. കേരളത്തോട് കേന്ദ്രം പ്രത്യേക വിവേചനം കാണിക്കുന്നു. കേരളത്തിന്റെ വികസനമാണ് തടയപ്പെടുന്നത്. കേരളത്തെ തകർക്കുന്ന കേന്ദ്ര സമീപനം വന്നപ്പോൾ ഒരക്ഷരം സംസാരിക്കാൻ രാഹുൽ തയാറായില്ല.
കേന്ദ്രത്തിനെതിരെ പ്രക്ഷോഭം നടത്താൻ ഞങ്ങൾ തയാറായി. കേരളത്തിന്റെ പൊതുവായ പ്രശ്നമാണ്, ഒന്നിച്ച് സമരം നടത്തിക്കൂടെ എന്ന് ചോദിച്ചപ്പോൾ, ഞങ്ങളില്ല എന്നാണ് കോൺഗ്രസ് പറഞ്ഞത്. തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ രാജ്യത്താകെ തൊഴിലാളികൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിയുടെ പാർട്ടി പണിമുടക്കിനോടു കേരളത്തിൽ സ്വീകരിച്ച നിലപാട് എന്താണ്.
കേരളത്തിൽ അത്തരമൊരു യോജിപ്പ് ഉണ്ടായിക്കൂടാ എന്ന നിലപാട് സ്വീകരിച്ചു.
ഡൽഹിയിൽ ചെന്ന് കേരളത്തിലെ മന്ത്രിസഭ സമരം നടത്തി. കോൺഗ്രസ് ദേശീയ നേതാക്കളെയും സമരത്തിന് ക്ഷണിച്ചു. പക്ഷേ, പങ്കെടുക്കരുത് എന്ന് കേരളത്തിലെ നേതൃത്വം നിലപാട് സ്വീകരിച്ചു. ബിജെപിക്കെതിരായ പൊതുവായ മുന്നേറ്റമായി പ്രക്ഷോഭം മാറി. കോൺഗ്രസ് സ്വീകരിച്ച നടപടി ഫലത്തിൽ ബിജെപിയെ സഹായിക്കാനായിരുന്നു-പിണറായി കൂട്ടിച്ചേർത്തു.
ജി. സുധാകരൻ അധഃപതനത്തിന്റെ ഭാഗം
നശിക്കാൻ തീരുമാനിച്ച് ശത്രുപക്ഷത്ത് ചേർന്ന ശേഷം അധഃപതനത്തിന്റെ ഭാഗമായിരിക്കുകയാണ് ജി. സുധാകരൻ. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കോൺഗ്രസിനെതിരേ പണ്ട് പറഞ്ഞ കാര്യങ്ങൾ തിരുത്തിപ്പറയുകയാണു സുധാകരൻ.
സുജാതയെ അപമാനിച്ച ഭാഷ രാഷ്ട്രീയ പ്രവർത്തകർക്കു യോജിച്ചതല്ല. സ്ത്രീത്വത്തെ അപമാനിച്ച ഭാഷയാണിത്. പ്രത്യേക വികാരങ്ങൾ ഉയർത്തിവിട്ടാൽ അന്പലപ്പുഴയിൽ ഒന്നും ഏശില്ലെന്നും അത് പുന്നപ്രയുടെ മണ്ണാണെന്നും പിണറായി വിജയൻ പറഞ്ഞു.
രാഹുൽ പറയുന്നത് ഗൗരവത്തിലെടുക്കുന്നില്ല
ഡീൽ വിഷയത്തിൽ രാഹുൽ ഗാന്ധി പറയുന്നത് ഗൗരവത്തിൽ എടുക്കുന്നില്ല. അബദ്ധജഡിലമായ കാര്യങ്ങളാണു രാഹുൽ പറയുന്നത്. കോൺഗ്രസിന്റെ പ്രധാനപ്പെട്ട സ്ഥാനത്താണ് രാഹുൽ ഇരിക്കുന്നത്. അതിന്റെ ഉത്തരവാദിത്വം കാണിക്കണം. കേജരിവാൾ കോൺഗ്രസല്ല, എന്നാൽ, ബിജെപിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ആളാണ്. എന്താണ് രാഹുൽ ഗാന്ധി കേജരിവാളിന്റെ കാര്യത്തിൽ സ്വീകരിച്ച സമീപനം?. ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എന്റെ ചിത്രം കണ്ടാൽ ചിലർക്കു വിഷമം
തെരഞ്ഞെടുപ്പ് പ്രചാരണ ബോഡുകളിൽ എന്റെ ചിത്രം കാണുന്നതിൽ വിഷമമുള്ള ചിലരുണ്ടാകും. ഞങ്ങളുടേതു കൂട്ടായ നേതൃത്വമാണ്. ഏതെങ്കിലും ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചല്ല. സർക്കാരിനെ നയിക്കുന്ന ആൾ എന്ന നിലയിൽ എന്റെ ചിത്രം വച്ചിട്ടുണ്ടാകും. അതിന് വേറെ അർഥം കാണേണ്ടതില്ല.
യുഡിഎഫിന്റെയും എൻഡിഎയുടേയും ഭാഗമായി നിൽക്കുന്നവർക്ക് എൽഡിഎഫിന് വോട്ട് ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഈ മറുപടി. പക്ഷേ, എൽഡിഎഫ് വർഗീയ നിലപാടുകൾക്ക് എതിരാണ്.
ഞങ്ങൾ ഞങ്ങളുടെ നിലപാടുമായി മുന്നോട്ടു പോകും. നല്ല ഭൂരിപക്ഷത്തോടെ എൽഡിഎഫ് ജയിക്കും. 2021 ലേക്കാൾകൂടുതൽ സീറ്റ് ജനം നൽകും. ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്നുള്ള ആരോപണത്തിനെതിരേയും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് വിദഗ്ധസമിതികൾ പഠനം നടത്തിയതാണ്. പ്രളയം മനുഷ്യനിർമിതമല്ല. ഉയരുന്നത് തെറ്റായ ആരോപണം മാത്രമാണ്.



