സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. കരിമണൽ ലോബിക്ക് വേണ്ടി കേരളത്തിൽ പ്രളയം ഉണ്ടാക്കിയതാണെന്നും സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതമാണെന്നും അദ്ദേഹം ആരോപിച്ചു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ‘മേരിമാതാ’ എന്ന കരാർ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞതായി ആരോപിക്കുന്ന ശബ്ദരേഖയും മാത്യു കുഴൽനാടൻ പുറത്തുവിട്ടു. ഇതിൽ മാത്യു ടി തോമസിന് പങ്കുണ്ടെന്നതിന് ഈ ശബ്ദരേഖ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
ജനസേചന വകുപ്പിലെ മന്ത്രിയുടെ പഴയ ശബ്ദസന്ദേശമാണെന്ന് അവകാശപ്പെട്ടാണ് രേഖ പുറത്തുവിട്ടത്. ശബ്ദസന്ദേശത്തിൽ, തോട്ടപ്പള്ളി സ്പിൽവേ ഒരുമാസം മുമ്പ് തുറക്കേണ്ടതായിരുന്നു, അത് തുറന്നാൽ താഴെയുള്ള മണൽത്തിട്ട് ഒഴുകിപ്പോകുമെന്നതിനാൽ കരാറുകാരന്റെ ലാഭത്തിനായി തുറക്കാതിരുന്നതാണെന്നുമാണ് ആരോപണം. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്ക് എടുത്ത കരാർ മണൽ പിന്നീട് ഉയർന്ന വിലയ്ക്ക് വിറ്റ് വൻ ലാഭം നേടാമായിരുന്നുവെന്നും, ഇതിന് വേണ്ടിയാണ് നടപടികൾ വൈകിച്ചതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, പമ്പയ്ക്ക് മുകളിലെ മണിയാർ പദ്ധതിയിലും സ്വകാര്യ കമ്പനികളുടെ താൽപര്യത്തിന് അനുസരിച്ച് വെള്ളം നിയന്ത്രിച്ചതായും ആരോപണമുണ്ട്. വെള്ളം അമിതമായി എത്തിയപ്പോൾ പിന്നീട് ഷട്ടർ തുറന്നത് താഴ്ന്ന പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ഈ ആരോപണങ്ങൾ രാഷ്ട്രീയ തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.



