പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) കാംപ്‌ബെൽ വിൽസൺ സ്ഥാനമൊഴിഞ്ഞു. നാല് വർഷം മുൻപ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ വളർച്ച പ്രതീക്ഷിച്ച വേഗത്തിലാകാത്തതും വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടവുമാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. വിൽസന്റെ രാജി കഴിഞ്ഞയാഴ്ച എയർലൈൻ ബോർഡ് അംഗീകരിച്ചു. പുതിയൊരാളെ കണ്ടെത്തുന്നത് വരെ അദ്ദേഹം സ്ഥാനത്ത് തുടരും.

അഞ്ചുവർഷത്തെ കാലാവധിയിൽ 2022 ജൂലൈയിലാണ് വിൽസൺ എയർ ഇന്ത്യയിൽ ചേർന്നത്. എന്നാൽ കമ്പനിയുടെ മോശം സാമ്പത്തിക നിലയും വിപുലീകരണ പദ്ധതികളിലെ ഇഴച്ചിലും കണക്കിലെടുത്ത് കുറച്ചു മാസങ്ങളായി ടാറ്റ ഗ്രൂപ്പ് പുതിയ സിഇഒയ്ക്കായുള്ള തിരച്ചിലിലായിരുന്നു. കഴിഞ്ഞ ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതോടെ പിൻഗാമിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

കോവിഡ് കാലത്തെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ വിമാനങ്ങളുടെ നവീകരണത്തെയും പുതിയവ വാങ്ങുന്നതിനെയും ബാധിച്ചിരുന്നു. കൂടാതെ, വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ഇന്ധനച്ചെലവ് വർദ്ധിച്ചതും കമ്പനിക്ക് തിരിച്ചടിയായി. കഴിഞ്ഞ മാസം ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സും രാജിവെച്ചിരുന്നു.