തൊടുപുഴ: എല്‍ഡിഎഫിന്റെ പ്രോഗ്രസ് കാര്‍ഡില്‍ നേരത്തേയുണ്ടായിരുന്ന 38 പേജ് 24 പേജായി കുറഞ്ഞതായും ഇതില്‍ നുണകളുടെ കൂമ്പാരമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
മുട്ടത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളുമാണ് നിര്‍മിച്ചത്. പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മിച്ചതെന്ന യാഥാര്‍ഥ്യം മറച്ചുവച്ചുകൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നത്.
സാമൂഹിക സുരക്ഷാ പെന്ഷന് 1,600 രൂപയില്‍ നിന്നും 2,000 രൂപയാക്കുമെന്നതായിരുന്നു 2021ലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ നാലേമുക്കാല്‍ വര്‍ഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് 400 രൂപ കൂട്ടി. അപ്പോഴും 2,500 ആക്കിയില്ല. റബറിന് 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ആരോഗ്യരംഗത്ത് കാരുണ്യപദ്ധതി ഉള്‍പ്പെടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ ആരംഭിച്ച എല്ലാ പദ്ധതികളും കടമാക്കി. ഹൃദ്യവും ആശ്വാസകിരണവും ഇല്ലാതായി.
ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭൂ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രോഗ്രസ് കാര്‍ഡില്‍ എഴുതി വച്ചിരിക്കുന്നതും പച്ചക്കള്ളമാണ്. ഇടുക്കിയിലെ ഏത് പ്രശ്നമാണ് പരിഹരിച്ചത്. പട്ടയ പ്രശ്നങ്ങളെല്ലാം പഴയതു പോലെ നിലനില്‍ക്കുകയാണ്. സിഎച്ച്ആര്‍ വിഷയവും പട്ടയ കേസും കോടതിയില്‍ നിലനില്‍ക്കുകയാണ്. സിഎച്ച്ആര്‍ പോലും വനഭൂമിയാക്കി മാറ്റിയിട്ട് ഡീ നോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞ വാക്കും പാലിച്ചില്ല. ഉമ്മന്‍ ചാണ്ടിയുടെ കാലയളവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ അനുമതികളും വാങ്ങി സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ഘട്ടം ആരംഭിച്ചതാണ്.
അന്ന് വിഴിഞ്ഞം പദ്ധതി 6,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്. ഇപ്പോള്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ പിണറായി വിജയന് നാണമില്ലേ. കടല്‍ക്കൊള്ളയെന്ന് പാര്‍ട്ടി പത്രം വിശേഷിപ്പിച്ച പദ്ധതിയാണ് സ്വന്തം നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൈപ്പ് ലൈന്‍ ഇട്ടപ്പോള്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ചുവച്ച ബോംബാണെന്ന് പ്രസംഗിച്ച ആളാണ് ഇന്നത്തെ വ്യവസായ മന്ത്രി പി. രാജീവ്. എന്നിട്ടാണ് ഗെയ് ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കുന്നത്.
എല്ലാ വകുപ്പുകളും തകര്‍ത്ത് തരിപ്പണമാക്കി. ഒമ്പതു സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരും നിരവധി കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ല. കാലഹരണപ്പെട്ട കോഴ്സുകള്‍ പഠിക്കാന്‍ കുട്ടികളില്ല. പിന്നെ എന്ത് ഉന്നതവിദ്യാഭ്യാസ രംഗമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജയകരമായി നടത്തിയിരുന്ന നെല്ല് സംഭരണം ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ണമായും പാളി.
എവിടെയാണ് നാളികേരം സംഭരിച്ചത്. എല്ലാ കാര്‍ഷിക വിളകളുടെയും വില ഇടിഞ്ഞ് കര്‍ഷകര്‍ സങ്കടത്തിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കാര്‍ഷിക പാക്കേജും നടപ്പാക്കിയില്ല. യുഡിഎഫ് സര്‍ക്കാരിന് എതിരായി അവതരിപ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയിലുണ്ട്. അത് ജനങ്ങള്‍ വിചാരണ ചെയ്ത് ഈ മാസം ഒന്‍പതിന് അവര്‍തന്നെ ശിക്ഷ വിധിക്കുമെന്നും സതീശൻ പറഞ്ഞു.



