കൊച്ചി: വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുന്നതിനിടെ വോട്ടിംഗ് യന്ത്രത്തിലെ പേരുമാറ്റം ആവശ്യപ്പെട്ട് നിയമപോരാട്ടവുമായി തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍. പേരുമാറ്റം ആവശ്യപ്പെട്ട് അഞ്ജലി നായര്‍ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും.

അഞ്ജലി പി.വി. എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി നായര്‍ എന്നാക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വരണാധികാരിയോട് നിര്‍ദേശിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അഞ്ജലി വീണ്ടും കോടതിയെ സമീപിക്കുന്നത്.

വരണാധികാരി കഴിഞ്ഞ ദിവസം നടത്തിയ ഹിയറിംഗില്‍ പേരുമാറ്റം സാധ്യമാകില്ലെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെയാണ് അഞ്ജലി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. വര്‍ഷങ്ങളായി താന്‍ അറിയപ്പെടുന്നത് അഞ്ജലി നായര്‍ എന്നാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ പേര് മാറ്റണം എന്ന അപേക്ഷയും നല്‍കിയിരുന്നു.

എന്നാല്‍ ആ അപേക്ഷ കാണാനില്ല എന്നാണ് പറയുന്നത്. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് കേസുമായി മുന്നോട്ട് പോകുന്നത് എന്നാണ് അഞ്ജലിയുടെ പക്ഷം. അതേസമയം, പരസ്യപ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് നാളെയാണ് കലാശക്കൊട്ട്.