കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് നീക്കം. അതിക്രമത്തിന് ശേഷം യുവനടിയെ രഞ്ജിത്ത് നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.
രഞ്ജിത്തും യുവനടിയും കാരവാനിലേക്ക് എത്തിയതിന്‍റെ മൊഴികളുണ്ട് എന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. സെറ്റിലെ ചിലര്‍ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അവരില്‍ നിന്നും വിവരങ്ങള്‍ തേടും. ചിലരെ ചോദ്യം ചെയ്തു കഴിഞ്ഞു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ച നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ശാലിനി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യും.
സംഭവത്തിന് പിന്നാലെ നടി സെറ്റില്‍ നിന്നും പോയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ നടി ഫോണ്‍ എടുത്തില്ല. സെറ്റിലേക്ക് നടിയെ തിരിച്ചു വിളിക്കാനാകാം ഫോണ്‍ ചെയ്തത് എന്നാണ് ഡിസിപി പറയുന്നത്. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല്‍ ഇതില്‍ യാതൊരു വിധ അസ്വാഭാവികതയും ഇല്ലെന്നും പോലീസ് പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടി എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഒരു യൂട്യൂബര്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിനൂസ് 2.0 എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.
അതേസമയം, രഞ്ജിത്തിനെ ഇന്നലെ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്‍, സംഭവം നടന്ന കാരവാന്‍ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസികമായി തകര്‍ന്ന നടി കൗണ്‍സലിംഗിനും ട്രീറ്റ്‌മെന്റിനും ശേഷമാണ് കഴിഞ്ഞ 28ന് പരാതി നല്‍കിയത്.
പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്ത് കുടുങ്ങി. സംവിധായകനെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് വൈകിട്ട് നാലു വരെയാണ് രഞ്ജിത്തിന്‍റെ കസ്റ്റഡി കാലാവധി. ചൊവ്വാഴ്ച രാവിലെയാണ് രഞ്ജിത്തിന്‍റെ അപേക്ഷ പരിഗണിക്കുന്നത്.



