കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം രാഷ്ട്രീയ പോരിന് വഴിവെച്ചു. ഇടുക്കി യിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, കേരളത്തിലെ ജനങ്ങൾ “വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണ്”, അവരെ ഗുജറാത്തിലെയും മറ്റ് സ്ഥലങ്ങളിലെയും ആളുകളെപ്പോലെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന ഖാർഗെയുടെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്.

“കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കരുത്. അവർ അതീവ ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമാണ്. മോദിജി, പിണറായി വിജയൻ, നിങ്ങൾക്ക് ഗുജറാത്തിലെയോ മറ്റ് സ്ഥലങ്ങളിലെയോ നിരക്ഷരരായ ആളുകളെ വിഡ്ഢികളാക്കാൻ കഴിഞ്ഞേക്കും, എന്നാൽ കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ കഴിയില്ല,” എന്നായിരുന്നു ഖാർഗെയുടെ വാക്കുകൾ. ഇതിനെതിരെ ബിജെപി ദേശീയ നേതൃത്വവും ഗുജറാത്ത് സർക്കാരും കടുത്ത ഭാഷയിൽ പ്രതികരിച്ചു.