വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ ബിജെപിക്കെതിരെ അന്വേഷണം ശക്തമാകുന്നു. കിറ്റുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത് ബിജെപി നേതാവ് രാധാകൃഷ്ണനാണെന്ന് കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ബിമല്‍ വ്യക്തമാക്കി.

സ്ഥിരം കസ്റ്റമറായ രാധാകൃഷ്ണന്‍ നേരിട്ട് കടയിലെത്തി കിറ്റുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതാണെന്നും, 100ല്‍ അധികം കിറ്റുകള്‍ ഒരുക്കാന്‍ പറഞ്ഞതായും ബിമല്‍ പറഞ്ഞു. 50 കിറ്റുകളുടെ പണം നല്‍കിയതായും, 48 പേര്‍ എത്തി കിറ്റുകള്‍ വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവില്‍ നിന്ന് പണം ലഭിച്ചതിനാല്‍ കിറ്റുകള്‍ വാങ്ങാന്‍ എത്തിയവര്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്തതെന്നും, ഒരു കിറ്റിന് 900 രൂപ വീതമാണ് നല്‍കിയതെന്നും ബിമല്‍ പറഞ്ഞു.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കിറ്റ് വിതരണം നടന്നത്. വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തുവെന്നാരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, വിഷയത്തെക്കുറിച്ച് അറിവില്ലെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാല്‍ പ്രതികരിച്ചത്. താന്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.